അതിസാഹസികമായ ഒരു യാത്ര.. കോടമഞ്ഞ് പൊതിഞ്ഞ് നിൽക്കുന്ന വഴികളിലൂടെ നിർത്താതെ വീശുന്ന കാറ്റിനെ പിന്നിട്ട് പോകുന്ന വഴിയിലൂടെ മുന്നോട്ടേയ്ക്ക്. അടുക്കുംതോറും മുന്നിൽ ഒരു വലിയ പാറക്കെട്ട് കാണാം. ആകാശം മുട്ടി മേഘങ്ങളുടെ തൊട്ടരികെ നിൽക്കുന്ന ഇല്ലിക്കൽ കല്ല്. എറണാകുളത്തു നിന്നും ഒറ്റ ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന ഉഗ്രൻ സ്പോട്ട്. വാരാന്ത്യവും അവധിയും കിട്ടുമ്പോൾ ലൊക്കേഷൻ സെറ്റ് ചെയ്ത് വണ്ടിയെടുക്കാൻ പറ്റിയ സ്ഥലം. അതെ ഇന്ന് നമ്മൾ പോകുന്നത് ഇല്ലിക്കൽ കല്ലിലേക്കാണ്. കൊച്ചിയിൽ നിന്നും ഏകദിന യാത്ര പ്ലാൻ ചെയ്യുമ്പോൾ ആഗ്രഹിക്കുന്ന കിടിലൻ ഡ്രൈവും മഞ്ഞും മഴയും ഓഫ്റോഡും എല്ലാം ചേരുന്ന ഒരു പാക്കേജാണിത്. തീർന്നില്ല. ഇല്ലിക്കൽ കല്ലിനൊപ്പം കട്ടിക്കയം വെള്ളച്ചാട്ടവും ഇലവീഴാപൂഞ്ചിറയും കൂടി കണ്ടേ നമ്മൾ തിരികെ എറണാകുളത്തിന് മടങ്ങൂ. കോടമഞ്ഞ് കനിഞ്ഞാൽ മാത്രം കാണാന്‍ കഴിയുന്ന ഇല്ലിക്കൽ കല്ല് ഇന്ന് കോട്ടയം ജില്ലയിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പക്ഷേ ഇവിടെ മാത്രം പോയാൽ അതൊരു നഷ്ട യാത്ര ആയേക്കും. അതിനാലാണ് മറ്റു രണ്ടിടങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇല്ലിക്കൽ കല്ലിന് സമീപത്തു തന്നെയാണ് ട്ടിക്കയം വെള്ളച്ചാട്ടവും ഇലവീഴാപൂഞ്ചിറയും ഉള്ളതും.
എറണാകുളത്തു നിന്നും അതിരാവിലെ ഇറങ്ങിയാൽ വെയിൽ മൂക്കുന്നതിനു മുമ്പ് ഇല്ലിക്കൽ കല്ലിലെത്താം. രാവിലെ 8.00 മുതൽ തന്നെ ഇല്ലിക്കൽ കല്ലിൽ പ്രവേശനം ആരംഭിക്കും. അതിനാൽ ആ സമയത്ത് എത്തുന്ന വിധത്തിൽ യാത്ര ക്രമീകരിക്കാം. എറണാകുളം – ഇല്ലിക്കൽ കല്ല് യാത്ര 90 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ വേണ്ടിവരും ഇവിടെയെത്താൻ. ഇല്ലിക്കൽ കല്ല് ബേസ് പോയിന്‍റിൽ എത്തിയാൽ അവിടെ വണ്ടി പാർക്ക് ചെയ്ത് ടിക്കറ്റ് എടുത്ത് മുകളിലേക്ക് പോകാം. ഒരാൾക്ക് 20 രൂപയാണ് പ്രവേശന ഫീസ്. മുകളിലേക്ക് പോകാൻ കുറേ ദൂരമുണ്ട്. ഇവിടുന്ന് ജീപ്പിനു വേണമെങ്കിലും പോകാം. വളഞ്ഞു പുളഞ്ഞ വഴിയിലൂടെ കോടമഞ്ഞ് കണ്ടുള്ള യാത്ര രസകരമായ ഒരനുഭവമാണ്. മുകളിലെത്തിയാൽ പിന്നെ വീണ്ടും ഒരുപാട് ദൂരം നടക്കണം. ഇന്‍റര്‍ലോക്കും കൈവരികളും ഉള്ള വഴിയിലൂടെ കുട്ടികളുൾപ്പെടെയുള്ളവർക്ക് നടന്നു കയറാം. ഇടയ്ക്ക് വിശ്രമിക്കാൻ ചാരുബഞ്ചുകളും കാണാം. പക്ഷേ മുന്നോട്ടു പോകും തോറും മൺവഴികളിലൂടെ തന്നെ കയറ്റം കയറണം. കൈവരികളുള്ളതിനാൽ സുരക്ഷിതമായി പിടിച്ചുകയറാം ചെന്നാൽ ഇല്ലിക്കൽ കല്ലിൻറെ രസകരമായ കാഴ്ച കാണാം. ഒപ്പം ആ പ്രദേശം മുഴുവനും മുകളിൽനിന്ന് ആസ്വദിക്കുകയും ചെയ്യാം.