മംഗളുരു: മകള്‍ വൈഗയുടെ മരണത്തിന് ശേഷം ഒളിവില്‍ പോയ സനു മോഹന്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാളെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിലോ നാളെ രാവിലെയോ കൊച്ചിയിലെത്തിക്കും. കൊല്ലൂരില്‍ ആറ് ദിവസം ഒളിവില്‍ കഴിഞ്ഞതായി കണ്ടെത്തിയിരുന്നു.
ഗോവയില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനെത്തിയതാണ് എന്ന് പരിചയപ്പെടുത്തിയാണ് കൊല്ലൂരില്‍ സനു മോഹന്‍ മുറിയെടുത്തതെന്ന് ലോഡ്ജ് മാനേജര്‍ അജയ് കുമാര്‍ പറഞ്ഞു. കുടുംബം നാട്ടിലാണെന്നും ഒരു മകള്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഒരു ദിവസത്തേക്കാണ് മുറിയെടുത്തതെങ്കിലും പിന്നീട് നീണ്ടു പോകുകയായിരുന്നു. കൊല്ലൂരിലെ ബീനാ റെസിഡന്‍സിയില്‍ 10 ന് രാവിലെ 9.30 നായിരുന്നു മുറിയെടുത്തത്. ആ സമയം കയ്യില്‍ പണമില്ലെന്നും കാര്‍ഡ് മാത്രമേ ഉള്ളൂ എന്നും പറഞ്ഞ് അഡ്വാന്‍സ് തുക പോലും നല്‍കാതെയാണ് മുറിയെടുത്തത്.
16 ന് രാവിലെ സൗപര്‍ണ്ണികയില്‍ കുളിച്ചതിന് ശേഷം ക്ഷേത്ര ദര്‍ശനം നടത്തി വരാമെന്നായിരുന്നു റിസപ്ഷനില്‍ ഇയാള്‍ പറഞ്ഞിരുന്നത്. അന്നേ ദിവസം തന്നെ വൈകിട്ട് 4 മണിക്കുള്ള ഫ്ലൈറ്റില്‍ ഗോവയിലേക്ക് തിരിച്ചു പോകുമെന്നും മംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പാകാനായി ടാക്‌സി വിളിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. 8.45 നാണ് ഇയാള്‍ ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് പോകുന്നത്. പിന്നീട് തിരിച്ചു വന്നില്ല. എയര്‍പോര്‍ട്ടിലേക്ക് പോകാനായി വിളിച്ചു വരുത്തിയ ടാക്‌സി എത്തിയപ്പോഴാണ് സനുമോഹന്‍ നല്‍കിയ നമ്പരിലേക്ക് വിളിക്കുന്നത്. എന്നാല്‍ ആ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരുന്നു.