മട്ടാഞ്ചേരി : കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കുറഞ്ഞതില്‍ മുന്നണികള്‍ക്ക് ആശങ്ക. കഴിഞ്ഞ തവണ 72.33 ശതമാനം വോട്ട് പോള്‍ ചെയ്തിടത്ത് ഇത്തവണ 69.63 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശതമാനക്കണക്കില്‍ കുറച്ച് മാറ്റം വരുമെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടര ശതമാനം പോളിങ് കുറഞ്ഞത് ഇരു മുന്നണികള്‍ക്കും ആശങ്ക തീര്‍ത്തിട്ടുണ്ട്.
തീരമേഖലയായ ചെല്ലാനം, കണ്ണമാലി, മാനാശേരി ഉള്‍പ്പെടെ മിക്കയിടങ്ങളിലും പോളിങ് ശതമാനത്തില്‍ നേരിയ കുറവുണ്ട്. കൊച്ചിയില്‍ ട്വന്റി20യും വി ഫോറും പിടിക്കുന്ന വോട്ടുകളായിരിക്കും വിജയികളെ നിര്‍ണയിക്കുക. സമാധാനപരമായാണ് കൊച്ചിയിലെ പോളിങ് നടന്നത്. യന്ത്രത്തകരാര്‍ ചില ബൂത്തുകളില്‍ ഉണ്ടായെങ്കിലും ഉടന്‍ പരിഹരിക്കാനായി. ബൂത്തുകളുടെ എണ്ണം ഉയര്‍ത്തിയതിനാല്‍ തിരക്ക് കുറവായിരുന്നു. തോപ്പുംപടി ഔവര്‍ ലേഡിസ് ഹയര്‍സെക്കന്‍ണ്ടറി സ്ക്കൂളില്‍ പോളിങ് സ്റ്റേഷനില്‍ വെളിച്ചക്കുറവ് അനുഭവപ്പെട്ടത് സംബന്ധിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ. മാക്സി പരാതി ഉന്നയിച്ചു. പിന്നീട് ഇത് പരിഹരിച്ചു.