കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. പരിശോധനയില്‍ മാരകമായ മയക്കുമരുന്നും കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഡിസ്‌കോ ജോകിയടക്കം നാല് പേരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി.
ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റാണ് എക്സൈസ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ അഞ്ച് ഹോട്ടലുകളിലായിരുന്നു പരിശോധന. എക്സൈസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് സെല്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടത്തുകയായിരുന്നു ലക്ഷ്യം.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു.