കൊച്ചി: ബംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസിനായി കൊച്ചി കാത്തിരിക്കുന്നു. കൊച്ചി – ബംഗളൂരു വന്ദേഭാരത് സര്‍വീസിനായി റെയില്‍ അധികൃതര്‍ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഏപ്രിലില്‍ എത്തിച്ച പുത്തന്‍ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷന്‍ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലത്ത് ഇട്ടിരിക്കുകയായിരുന്നു. വെറുതേ കിടന്ന് ബാറ്ററി ചാര്‍ജ് തീര്‍ന്ന പുത്തന്‍ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാര്‍ജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷന്‍ ചെയ്യുമെന്നാണ് സൂചന. ഉടന്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
മംഗലാപുരത്തും തിരുവനന്തപുരത്ത് കൊച്ചുവേളിയിലുമാണ് വന്ദേഭാരതുകള്‍ക്ക് ഇപ്പോള്‍ യാര്‍ഡുകള്‍. ദിവസവും ആധുനിക ട്രെയിനുകള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും ഇവിടെയാണ്. വൈറ്റിലയിലെ പൊന്നുരുന്നി മാര്‍ഷലിംഗ് യാര്‍ഡിലാണ് പുതിയ ബംഗളൂരു വന്ദേഭാരത് ദിവസവും സര്‍വീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ഡീസല്‍ ട്രെയിനുകളുടെ സര്‍വീസ് നടത്തുന്ന ഇവിടുത്തെ ഒരു പിറ്റ് ലൈന്‍ വന്ദേഭാരതിന് മാറ്റി. ഇതിലേക്ക് വൈദ്യുതി കണക്ഷന്‍ വലിച്ചു. ഡീസല്‍ വിഭാഗത്തിലെ ആറ് ജീവനക്കാരെ ഈ വിഭാഗത്തിലേക്ക് മാറ്റി. വന്ദേഭാരതിന്റെ വരവ് വൈകുന്നതിനാല്‍ ഈ പിറ്റില്‍ ഇപ്പോള്‍ ഡീസല്‍ ട്രെയിനുകളുടെ സര്‍വ്വീസാണ് നടത്തുന്നത്.