തൃശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാവിന്റേയും പരാതിക്കാരന്റേയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം. നഷ്ടപ്പെട്ട മൂന്നരക്കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കാന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറിന്റെ മൊഴി ബുധനാഴ്ച എടുക്കും. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധര്‍മരാജുമായി നിരവധി തവണ സംസാരിച്ചതായി പോലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലില്‍ ബിജെപി നേതാക്കള്‍ നല്‍കിയ മൊഴികള്‍ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും. ഈ ലിസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുണ്ടെന്നാണ് സൂചന.
ചൊവ്വാഴ്ച ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിനെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ പ്രസിഡന്റിനെ അന്വേഷണസംഘം വിളിപ്പിക്കുന്നത്. കവര്‍ച്ച നടന്ന ദിവസം അര്‍ധരാത്രി അനീഷ്‌കുമാര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ തൃശൂര്‍ നഗരത്തിലുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അനീഷിന്റെ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. ഹോട്ടലില്‍ താമസിക്കാന്‍ ധര്‍മ്മരാജനും സഹായിക്കും മുറി എടുത്തു നില്‍കിയത് ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നാണ്.
കവര്‍ച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധര്‍മരാജും തമ്മില്‍ പല തവണ ഫോണില്‍ സംസാരിച്ചതായി പോലീസിന് രേഖകള്‍ ലഭിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉള്‍പ്പെടെ മൊഴി നല്‍കിയത്. അന്വേഷണത്തില്‍ ധര്‍മരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് നേതാക്കളുടെ മൊഴികള്‍ അന്വേഷകസംഘം തള്ളിയത്.
ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. കൊടകര ദേശീയപാതയില്‍ ക്രിമിനല്‍സംഘം തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധര്‍മരാജനായിരുന്നു. നിലവിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് അന്വേഷണ സംഘം സൂചന നല്‍കി. അതേസമയം പോലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങള്‍ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് ബിജെപി. കവര്‍ച്ചക്കേസ് അന്വേഷിക്കേണ്ട പോലീസ് പണത്തിന്റെ ഉറവിടവുമായി ബിജെപിയെ ബന്ധപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിലെ വിമര്‍ശനത്തിന്റെ പേരില്‍ സഹപ്രവര്‍ത്തകനെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസ് എടുത്തു. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പല്‍പ്പു നല്‍കിയ പരാതിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരിക്കെതിരെയാണ് തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്. ഫോണിലൂടെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനും അസഭ്യം വിളിച്ചതിനടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഫേസ്‌ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് റിഷി പല്‍പ്പുവിനെ ബിജെപിയില്‍നിന്ന് തിങ്കളാഴ്ച പുറത്താക്കി. ഇതേത്തുടര്‍ന്ന് ബിജെപിയില്‍ ചേരിപ്പോരും രൂക്ഷമായി.
കുഴല്‍പ്പണക്കേസിലും കത്തിക്കുത്ത് കേസിലും നാണംകെട്ട ബിജെപി ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്നായിരുന്നു റിഷിയുടെ പോസ്റ്റ്. കേസില്‍ റിഷി പല്‍പ്പുവിനെയും കെ ആര്‍ ഹരിയെയും വെസ്റ്റ് പോലീസ് ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പൊഴും റിഷി പല്‍പ്പു പരാതിയില്‍ ഉറച്ചുനിന്നു. കുഴല്‍പ്പണക്കടത്തിനെ വിമര്‍ശിച്ച വാടാനപ്പള്ളിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഹിരണിനെ കഴിഞ്ഞ ദിവസം എതിര്‍വിഭാഗം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കേസില്‍ നാലു ബിജെപിക്കാര്‍ അറസ്റ്റിലായി.