തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിൽ ഇത് വരെ പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ. സമഗ്ര അന്വേഷണം ആണ് ഇക്കാര്യത്തിൽ നടക്കേണ്ടത്. സത്യം മുഴുവൻ പുറത്ത് വരണം. ഇപ്പോൾ നടക്കുന്ന അന്വേഷണം വഴിയാണ് ഇത്രയും കാര്യങ്ങൾ പുറത്ത് വന്നത്. മറ്റ് ഏജൻസികളെ ഏൽപ്പിക്കണോ അന്വേഷണ സംഘത്തെ വിപുലീകരിക്കണോ എന്നൊക്കെ തുടര്‍ന്ന് ആലോചിക്കേണ്ട വിഷയമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അന്വേഷണ വിവരങ്ങളെല്ലാം പുറത്ത് വരണം. കേന്ദ്ര ഏജൻസിക്ക് ഈ കേസ് വിട്ടാൽ എന്താണ് സംഭവിക്കുക എന്നത് എല്ലാവരും അറിയാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയുമ്പോഴേ അന്വേഷണത്തിന് എടുക്കേണ്ട ഏജൻസിയാണ് ഇഡി. അവരിത്ര വൈകിയതെന്താണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ബിജെപി നേതാക്കൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ പറയുന്ന ന്യായം. സത്യം മുഴുവൻ പുറത്ത് വരണം. അതിന് ബിജെപി നേതാക്കൾ സഹകരിക്കുക തന്നെയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു. സ്ഥാനാർത്ഥിക്ക് ചെലവിന് അപ്പുറത്ത് ചെലവ് നടന്നിട്ടുണ്ടോ? രാഷ്ട്രീയ പാർട്ടിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധിയിൽ വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പുറത്ത് വരണം.