തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് ധര്‍മ്മരാജനും സുനില്‍ നായിക്കും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്രോതസ് വെളിപ്പെടുത്താന്‍ കഴിയാത്തതിനാലാണ് പരാതിയില്‍ 25 ലക്ഷമെന്ന് പറഞ്ഞതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
പണം കൊണ്ടുവന്നത് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് സൂചന കിട്ടിയെന്നും പോലീസ് അറിയിച്ചു. കൂടുതല്‍ പേരെ നാളെ ചോദ്യം ചെയ്യും. ധര്‍മ്മരാജനെയും സുനില്‍ നായിക്കനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. കേസില്‍ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ ഇന്നലെ കവര്‍ച്ചാ പണം ഒളിപ്പിച്ച കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം ഒളിപ്പിച്ച് വെക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
രഞ്ജിത്തിന്റെ തൃശ്ശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചതായാണ് പോലീസ് കണ്ടെത്തല്‍. ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയിരുന്ന പരാതി. നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ച സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണമാണ് കവര്‍ച്ച ചെയ്തതെന്നും ആക്ഷേപമുണ്ട്.