കൊച്ചി : കൊടകര കുഴൽപ്പണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.
ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പോലീസ് പരാജയപ്പെട്ടുവെന്നും ഹർജിക്കാരൻ ആരോപിച്ചു. അന്തർ സംസ്ഥാന കള്ളപ്പണ ഇടപാടിനെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഐസക് വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം കേസിലെ ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവരുകയാണ്. കുഴൽപ്പണ ഉടമ ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യ കോൾ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്.