തൃശൂര്‍: കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി കുഴല്‍പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളിലൊരാളുടെ ഭാര്യയെ കൂടി അറസ്റ്റ് ചെയ്തു. പ്രതി രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി (34) ആണ് പിടിയിലായത്. രഞ്ജിത്തിന്റെ കൈവശമുണ്ടായിരുന്ന പണം ഒളിപ്പിച്ചത് ദീപ്തിയായിരുന്നു. കവര്‍ച്ചാ പണമാണെന്ന് അറിഞ്ഞ് കൈവശം വെച്ചതിനാണ് അറസ്റ്റ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് 11.96 ലക്ഷമാണ് കണ്ടെടുത്തത്. രണ്ട് ലക്ഷം രൂപയുടെ ഇടപാടുകളെക്കുറിച്ചും അറിഞ്ഞു. ഇതോടെ ഒരു കോടിയോളം രൂപയാണ് പ്രതികളില്‍ നിന്നായി കണ്ടെടുത്തത്. ഏപ്രില്‍ മൂന്നിന് കൊടകര മേല്‍പാലത്തിന് സമീപത്തായി വാഹനാപകടമുണ്ടാക്കി കാറിലുണ്ടായിരുന്ന 25 ലക്ഷം കവര്‍ന്നെന്നാണ് കോഴിക്കോട് സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മരാജ് ഡ്രൈവര്‍ ഷംജീര്‍ മുഖേന നല്‍കിയ പരാതിയിലുള്ളത്.
എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച മൂന്നരക്കോടിയോളമാണ് തട്ടിയെടുത്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. 25 ലക്ഷം നഷ്ടപ്പെട്ടതായി കാണിച്ച് നല്‍കിയ പരാതിയിലുള്ള അന്വേഷണത്തിലാണ് ഒരു കോടിയോളം കണ്ടെത്തിയത്. ഇതോടെ ആരോപണം ശരിയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇതുവരെ 19 പേരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന സൂചന അന്വേഷണ സംഘം പങ്കുവെച്ചു. ഇതിനിടെ കേസിലെ മൂന്ന് പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല. നാല് പേരെ ജയിലിലും ആറ് പേരെ കസ്റ്റഡിയിലും ചോദ്യം ചെയ്തു. അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മുതല്‍ തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.