തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പണം കവര്‍ന്നുവെന്ന ആരോപണം നേരിടുന്ന കൊടകര കവര്‍ച്ചാ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കവര്‍ച്ച ചെയ്യപ്പെട്ട പണം പോലീസ് കണ്ടെടുത്തു. ഒമ്പതാം പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. 23 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണവുമാണ് കണ്ടെടുത്തത്. പണം കോടതിയില്‍ ഏല്‍പ്പിക്കും.
25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ലഭിച്ച പരാതി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്റെ സഹായി റഷീദാണ് പണം കൊണ്ടുപോകുന്ന വിവരം ചോര്‍ത്തിയതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.
ഇയാള്‍ വാഹനം പോകുന്ന വഴി കൃത്യമായി കവര്‍ച്ചാ സംഘത്തെ അപ്പപ്പോള്‍ അറിയിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. റഷീദിനെക്കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത് അലി എന്നിവരും പിടിയിലാകാനുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിത്തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ പണം കൊടുത്തയച്ചതായി കരുതുന്ന വ്യവസായി ധര്‍മ്മരാജനെ ചോദ്യം ചെയ്‌തെങ്കിലും പണത്തിന്റെ സ്രോതസ്സിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേ സമയം കൊടകരയിലെ പണം തട്ടിപ്പ് കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയതാണെന്ന പേരില്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഫണ്ട് ബിജെപി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ല. ഇത് സംബന്ധിച്ച പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.