റാന്നി: ശബരിമല വനത്തോടു ചേര്‍ന്നു കിടക്കുന്ന കുടമുരട്ടി കൊച്ചുകുളത്ത് കാട്ടാന ശല്യം രൂക്ഷമായി. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊച്ചുകുളം തടത്തിലാണ് ആന ശല്യം മൂലം പ്രദേശവാസികള്‍ വലയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ കൊച്ചുകുളത്ത് വീടിന് തൊട്ടടുത്തുവരെ കാട്ടാന എത്തിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. വാഴയും ചേമ്പും ചേനയും ഉൾപ്പെടെ വിവിധ കൃഷികൾ കാട്ടാന നശിപ്പിച്ചു. ഒരു മാസം മുമ്പ് ജനവാസ മേഖലയിലെത്തിയ ആന തെങ്ങ് പിഴുതു നശിപ്പിച്ചിരുന്നു. ജനവാസ മേഖലയിലേക്ക് ആന എത്തിയതോടെ ആളുകൾക്കോ വീടുകൾക്കോ നേരെ ആക്രമണം ഉണ്ടാവുമെന്ന ഭയവുമുണ്ട്.
റബർ ടാപ്പിംഗ് തൊഴിലാളികളാണ് ഈ മേഖലയിൽ താമസിക്കുന്നതിൽ ഏറെയും. വന്യമൃഗങ്ങളെ ഭയന്ന് നേരം പുലർന്നതിനു ശേഷമാണ് ഇവർ തൊഴിലിടങ്ങളിലേക്ക് പോകുന്നത്. വനാതിർത്തിയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കമ്പികളിൽ ഉൾപ്പെടെ കാടുപടർന്നു നില്‍ക്കുന്നതിനാൽ ഇതിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൂടാതെ സൗരോർജ്ജവേലിക്ക് ഉയരവും കുറവാണ്. അതിനാൽ കാട്ടാനയ്ക്ക് വേലി മറികടക്കാനും എളുപ്പമാണ്. കൊച്ചുകുളം തെക്കേക്കര തമ്പിത്തോട് മേഖലയിലും കാട്ടാന ആഴ്ചകൾക്ക് മുമ്പേ എത്തിയിരുന്നു. ഇവിടെ കാലങ്ങളായി കാട്ടാന ശല്യമുള്ളതിനാൽ ആളുകൾ വീട് ഉപേക്ഷിച്ചു പോവുകയാണ്. വനംവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് വന്യജീവി ആക്രമണം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാടിനോട് ചേർന്നുള്ള റോഡിൽ വഴിവിളക്ക് ഇല്ലാത്തത് വന്യജീവികൾ വിഹരിക്കാൻ കാരണമാകുന്നു. പഞ്ചായത്തും വനംവകുപ്പും അടിയന്തരമായി ഇടപെടണം.