ഊട്ടി : കോടനാട് കൊലപാതകക്കേസിലെ വിചാരണ ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റിവെച്ചതായി ഊട്ടി സെഷന്‍സ് കോടതി അറിയിച്ചു. വ്യാഴാഴ്ച വിചാരണയ്ക്ക് ഹാജരാകാനായി കോടതി നിര്‍ദേശിച്ചിരുന്ന എസ്റ്റേറ്റ് മാനേജര്‍ നടരാജന്‍, ഫോറന്‍സിക് വിദഗ്ധന്‍ രാജ്മോഹന്‍, വൈദ്യുതി ബോര്‍ഡ് എന്‍ജിനിയര്‍ എന്നിവര്‍ സമന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ഹാജരായില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ സാക്ഷികളെ കണ്ടെത്തി സംഭവത്തിന് പിറകിലെ കാര്യങ്ങള്‍ പൂര്‍ണമായും കണ്ടെത്തണമെന്നാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഷാജഹാന്‍, കനകരാജ് എന്നിവര്‍ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ കോടതി കൂടിയ ഉടന്‍തന്നെ പ്രോസിക്യൂഷന്‍ പോലീസ് വിചാരണ തുടരുന്നതിനാല്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന് കോടതിയെ അറിയിച്ചത് അംഗീകരിച്ചാണ് കേസ് നാലാഴ്ചത്തേക്ക് മാറ്റിവെച്ചത്.