തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്. തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് കൊടുക്കുന്നില്‍ പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയ പക്വതയില്ല. ഗസ്റ്റ് ആര്‍ട്ടിസ്റ്റാണ് തരൂരെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
വിശ്വപൗരനായത് കൊണ്ട് തരൂരിന് എന്തും പറയാമെന്ന് കരുതേണ്ട. ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി വ്യക്തമാക്കി. നേരത്തെ കെ.മുരളീധരനും ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരന്‍മാരല്ലെന്നായിരുന്നു കെ.മുരളീധരന്‍ എം.പിയുടെ പ്രസ്താവന. പാര്‍ട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോണ്‍ഗ്രസ് നേതാക്കളുടെ നടപടി എതിരാളികള്‍ക്ക് വടി കൊടുക്കുന്നത് പോലെയായെന്നും മുരളീധരന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യവല്‍ക്കരണ വിഷയത്തിലെ പാര്‍ട്ടിക്ക് വിരുദ്ധമായ നിലപാട് എടുത്തതോടെയാണ് തരൂരിനെതിരായ വിമര്‍ശനം ശക്തമായത്.