ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശ പൗരന്മാര്‍ക്കുളള കോവിഡ് പരിശോധന നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചതോടെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി കത്ത് നല്‍കി. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറിനും സഹമന്ത്രി വി മുരളീധരനുമാണ് കത്ത് നല്‍കിയത്. നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
പല ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേപ്പാള്‍ വഴി യാത്ര ചെയ്യുന്നത്. ഇതുവരെയുള്ള നിബന്ധന അനുസരിച്ച് 14 ദിവസം നേപ്പാളില്‍ താമസിച്ച ശേഷം അവിടെ നിന്ന് പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെക്ക് യാത്ര ചെയ്യാമായിരുന്നു. സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരാണ് ഇപ്പോള്‍ നേപ്പാളില്‍ കുടുങ്ങിയവരില്‍ ഏറെയും.
കോവിഡ് പരിശോധനാ ഫലമില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനാവാത്തതിനാല്‍ ഇവരുടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണിപ്പോള്‍. ഇവരില്‍ പലരുടെയും വിസ കാലാവധി അവസാനിക്കാറായതും തൊഴില്‍ നഷ്‌ടം സംഭവിക്കാന്‍ സാധ്യതയുള്ളവരും ഒരുപാട് കാലത്തെ അനിശ്ചിതത്വത്തിനുശേഷം വീണ്ടും തൊഴിലവസരം ലഭിച്ചവരുമാണ്. ഈ സാഹചര്യം ശ്രദ്ധയില്‍പെട്ട കൊടിക്കുന്നില്‍ സുരേഷ് എം.പി ഉടനടി ഈ വിഷയത്തില്‍ ഇടപെടുകയും ബന്ധപ്പട്ട മന്ത്രിമാര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു.