തിരുവനന്തപുരം : ഒടുവില്‍ ശബരിമല അയ്യപ്പനു മുമ്പില്‍ ഇടതുപക്ഷം അടിയറവു പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഭരണഘടനയിലെ സ്ത്രീ – പുരുഷ സമത്വമാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നതെന്നും എന്നാല്‍ വളരെ കാലമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റേണ്ടി വരുമ്പോള്‍ ഒരു വിഭാഗം ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകൂടി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞു.
ക്രമസമാധാനം സംരക്ഷിക്കുകയെന്ന നിലയില്‍ സര്‍ക്കാര്‍ ചില സുരക്ഷ ഉറപ്പ് വരുത്തി. വിധി നടപ്പിലാക്കാനുള്ള യാതാരു വാശിയും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. സുപ്രീംകോടതി പഴയ സത്യവാങ്മൂലം പരിഗണിച്ചുകൊണ്ട് തീരുമാനം എടുത്ത് കഴിഞ്ഞു. ഇനി വിശാല ബെഞ്ച് കേരള സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായിട്ടും പുതിയത് സമര്‍പ്പിക്കും. ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം അവിടെ കിടക്കുന്നുണ്ട്. അത് പഴയതാണ്. യുഡിഎഫിന്റെ കാലത്തുകൊടുത്തത്.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കരുതലോടെ തീരുമാനമെടുക്കാന്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടും. തീരുമാനം എടുക്കുന്നതിന് മുമ്പ് ഹിന്ദുമതത്തില്‍പ്പെട്ടവരുമായി ചര്‍ച്ച ചെയ്യണം. എന്നിട്ടേ തീരുമാനം എടുക്കാന്‍ പാടുള്ളൂവെന്നും പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യങ്ങളും സുപ്രീം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നത് വരെ കാത്തിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
യുവതി പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് ഭരണഘടനയിലെ സ്ത്രീ-പുരുഷ സമത്വം സംബന്ധിച്ചാണ്. അത് എല്ലാവരും അംഗീകരിക്കണം. നിലവില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ആചാരം മാറ്റുമ്പോള്‍ ഉണ്ടാകുന്ന ആശങ്ക ഒരു വിഭാഗം ആള്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അത് കൂടി സുപ്രീംകോടതിക്ക് മുന്നില്‍ വെക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നാണ് സിപിഎം മനസിലാക്കുന്നത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പുതിയ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടും. സത്യവാങ്മൂലം സുപ്രീംകോടതി ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കും.