കൊടകര: കുഴല്‍പ്പണകേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം തുടങ്ങി. തട്ടിയെടുത്ത പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷണം. കൊടകര കുഴല്‍പ്പണ കേസ് സംബന്ധിച്ച് എല്‍ജെഡി നേതാവ് സലിം മടവൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേസ് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയോട് വസ്തുതാ റിപ്പോര്‍ട്ട് തേടി.
ബിജെപി നേതാക്കള്‍ കടത്തിയ കുഴല്‍ പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നാണ് കമ്മീഷന്‍ പ്രധാനമായും അന്വേഷിക്കുക.ഏതെങ്കിലും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവിലേക്കാണോ പണം എത്തിയതെന്ന വിവരങ്ങളും തേടും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാന്‍ തനിക്ക് പണം നല്‍കിയെന്ന മഞ്ചേശ്വരത്തെ സുന്ദരയുടെ പരാതിയിലും സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തിലും അന്വേഷണ നടത്തും. പോലീസില്‍ നിന്ന് വസ്തുതാ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമാകും കമ്മീഷന്റെ തുടര്‍ നടപടികള്‍.