കോന്നി : വനംവകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ സ്വകാര്യ ഹോംസ്റ്റേയിലേക്ക് നടപ്പാത നിര്‍മ്മിക്കുന്നു. അരുവാപ്പുലം പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ കൊക്കാത്തോട്ടിലെ കരിപ്പാറതോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അള്ളുങ്കല്‍ ഭാഗത്താണ് സ്വകാര്യ വ്യക്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. വനഭൂമിയോട് ചേര്‍ന്നുള്ള നിര്‍മ്മാണത്തെപ്പറ്റി അന്വേഷിക്കുവാന്‍ ചെന്ന റേഞ്ച് ഓഫീസറെയും മാധ്യമ പ്രവര്‍ത്തകരെയും റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇവരുടെ വീഡിയോയും പകര്‍ത്തി.
മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ അനധികൃത നിര്‍മ്മാണം നടക്കുന്നതറിഞ്ഞ് അന്വേഷിക്കുവാനെത്തിയ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ റിസോര്‍ട്ട് ഉടമകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നിര്‍മ്മാണങ്ങള്‍ തടസ്സപ്പെട്ടതോടെ കുറുക്കുവഴികളില്‍ കൂടി വീണ്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരുന്നുവെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ഈ റിസോര്‍ട്ടിലേക്ക് സഞ്ചാരികള്‍ക്ക് എത്തണമെങ്കില്‍ വനത്തിനുള്ളില്‍ കൂടി വേണം കടന്നുവരുവാന്‍. എന്നാല്‍ ഇപ്പോള്‍ വനംവകുപ്പിന്റെ അനുമതിയില്ലാതെ റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്ന് വനത്തിലൂടെയുള്ള നടപ്പാതയിലേക്ക് തൂക്കുപാലവും നിര്‍മ്മിച്ചിരിക്കുകയാണ്. സംഭവം നാട്ടുകര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചവര്‍ പറഞ്ഞു.
റിസോര്‍ട്ട് കേന്ദ്രീകരിച്ച് കാട്ടാത്തിയിലേക്ക് സ്വകാര്യ ടൂറിസം പദ്ധതി നടപ്പാക്കുവാനാണ് ഉടമകളുടെ നീക്കം. എന്നാല്‍ അത്തരത്തില്‍ ഒരു പദ്ധതി അംഗീകരിക്കില്ലെന്നും കാട്ടാത്തിപ്പാറയിലേക്ക് എത്തിച്ചേരണമെങ്കില്‍ വനംവകുപ്പ് അനുമതി നിര്‍ബന്ധമാണെന്നും വനംവകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള നിര്‍മ്മാണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.