നിരണം : കോലറയാർ തുടർസംരക്ഷണമില്ലാതെ നശിക്കുന്നു. ജലസേചന വകുപ്പ് 1.77 കോടിയുടെ പദ്ധതി തയാറാക്കി സർക്കാരിനു സമർപ്പിച്ചെങ്കിലും നടപടിയായിട്ടില്ല. 8 വർഷം മുൻപാണ് കോലറയാർ നവീകരണവുമായി ബന്ധപ്പെട്ട് നദിയുടെ വീണ്ടെടുപ്പ് നടത്തിയത്. ജനകീയ പങ്കാളിത്തത്തോടെയായിരുന്നു ഇത്. തുടർന്ന് സർക്കാർ നാലരക്കോടി രൂപ അനുവദിച്ച് കോലറയാർ ആദ്യഘട്ട നവീകരണം പൂർത്തീകരിച്ചു. അതിന്റെ തുടർച്ചയായ സംരക്ഷണമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പായലും പോളയും മറ്റു ജലസസ്യങ്ങളും നിറഞ്ഞ നദി എലി, നീർനായ തുടങ്ങിയവയുടെ ആവാസ കേന്ദ്രമായി മാറി. പുനരുജീവന പദ്ധതി നടപ്പാക്കിയെങ്കിലും കോലറയാറിന്റെ സംരക്ഷണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടു പഞ്ചായത്തുകളും വാർഷിക പദ്ധതിയിൽ കോലയാർ സംരക്ഷണത്തിനു തുക അനുവദിക്കാത്തതും ഒരു കാരണമാണ്.
12 കിലോമീറ്റർ ദൂരമുള്ള കോലറയാറിന്റെ ഇരുകരകളും ജനവാസമേഖലയാണ്. പ്രദേശത്തുള്ളവർക്ക് ആറ്റിലെ മലിന ജലം കാരണം ശുദ്ധവെള്ളം ലഭിക്കുന്നില്ലെന്നും ദുർഗന്ധവും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നതായും പരാതിയുണ്ട്. കോലയാർ സംരക്ഷിച്ച് നിലനിർത്തിയാൽ നിരണത്തുതടം ഉൾപ്പെടെയുള്ള നിരണം പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങൾക്കും കൃഷി അനുകൂലമാക്കാൻ കഴിയും. ഇവിടത്തെ പാടശേഖരങ്ങളിൽ കൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്ന പ്രധാന ഉറവിടമാണ് കോലറയാർ. സംരക്ഷണം നടപ്പാക്കുന്നതിന് സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.