ഡൽഹി: കൊൽക്കത്തയിൽ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഗൗരവതരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ നീക്കം ആശുപത്രിയെയും പ്രാദേശിക ഭരണകൂടത്തെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും വിമർശിച്ചു. എന്നാൽ, പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിലെ പ്രമുഖകക്ഷിയായ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന പശ്ചിമബംഗാൾ സർക്കാരിനെതിരേ നേരിട്ട് ആരോപണമുന്നയിച്ചില്ല. കൊൽക്കത്തയിലെ ദാരുണസംഭവത്തിൽ രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോക്ടർമാർക്കും സ്ത്രീകൾക്കുമിടയിൽ അരക്ഷിതാവസ്ഥ ജനിപ്പിക്കാൻ മനുഷ്യത്വരഹിതമായ പ്രവൃത്തി കാരണമായി. മെഡിക്കൽ കോളേജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽപ്പിന്നെ എങ്ങനെ രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളെ പഠനത്തിന് പുറത്തുവിടാൻ കഴിയും? കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം അനുഭവിക്കുന്ന തീരാവ്യഥയ്ക്കൊപ്പം നിൽക്കുന്നു. കുറ്റവാളികൾക്ക് സമൂഹത്തിന് മാതൃകയായ രീതിയിൽ ശിക്ഷ നൽകണം രാഹുൽ ഗാന്ധി പറഞ്ഞു.