ചെന്നൈ: ചെപ്പോക്കിൽ ചെന്നൈയെ തകർത്തെറിഞ്ഞ് കൊൽക്കത്ത. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം വെറും 10.1 ഓവറിൽ കൊൽക്കത്ത മറികടന്നു. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കളംനിറഞ്ഞ ഓൾ റൗണ്ടർ സുനിൽ നരൈനാണ് കൊൽക്കത്തക്ക് മിന്നും ജയം സമ്മാനിച്ചത്. നരൈൻ 18 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 44 റൺസെടുത്തു. നേരത്തേ നരൈൻ നാലോവറിൽ വെറും 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും പോക്കറ്റിലാക്കിയിരുന്നു. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത കൊൽക്കത്ത നായകൻ അജിൻക്യ രഹാനെയുടെ തീരുമാനം ശരിവക്കുന്നതായിരുന്നു കൊൽക്കത്ത ബൗളർമാരുടെ പ്രകടനം.
31 റണ്ണെടുത്ത ശിവം ദൂബേക്കും 29 റണ്ണെടുത്ത വിജയ് ശങ്കറിനുമൊഴികെ മറ്റാർക്കും ചെന്നൈക്കായി പൊരുതി നോക്കാനായില്ല. ക്യാപ്റ്റൻ ധോണി ഒരു റണ്ണെടുത്ത് പുറത്തായി. കൊൽക്കത്ത നിരയിൽ നരൈൻ മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ഹർഷിത് റാണ വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി.മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത് കാര്യങ്ങൾ ഒക്കെ എളുപ്പമായിരുന്നു. നരൈനും ഡീക്കോക്കും പവർപ്ലേയിൽ തകർത്തടിച്ചതോടെ എല്ലാം പെട്ടെന്ന് തീർന്നു. ഡീക്കോക്ക് മൂന്ന് സിക്‌സിന്റെ അകമ്പടിയിൽ 23 റണ്ണെടുത്തു. 20 റൺസുമായി ക്യാപ്റ്റൻ രഹാനെയും 15 റണ്ണുമായി റിങ്കു സിങ്ങും പുറത്താവാതെ നിന്നു.