കൊല്ലം : കൊല്ലം മുന്‍ ബിഷപ്പ് ബെന്‍സിഗര്‍ രണ്ട് ഏക്കര്‍ പുറമ്പോക്ക് ഭൂമി അനധികൃതമായി തട്ടിയെടുത്തുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. കൊല്ലം ആദിച്ചനല്ലൂര്‍ വില്ലേജിലെ സെറ്റില്‍മെന്റ് രജിസ്റ്റര്‍ പ്രകാരം സര്‍വേ നമ്പര്‍ 181ലെ രണ്ടേക്കര്‍ ഭൂമിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭൂരേഖകള്‍ തിരുത്തി കൈവശപ്പെടുത്തിയത്. ഈ സര്‍വേ നമ്പരില്‍ ആകെ 3.40 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയുണ്ടായിരുന്നു. താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളുടെ സൂക്ഷ്മപരിശോധനയില്‍ പുറമ്പോക്കിലെ രണ്ട് ഏക്കര്‍ ഭൂമി കൊല്ലം മുന്‍ ബിഷപ്പ് ബെന്‍സിഗറിന് കൈമാറിയെന്ന് കണ്ടെത്തി. സര്‍വേ നമ്പര്‍ 181/ഒന്ന് എന്ന് രേഖപ്പെടുത്തി തണ്ടപ്പേര്‍ അക്കൗണ്ടര്‍ നമ്പര്‍ 1234 എന്ന് തിരുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ബിഷപ്പിന് കൈമാറിയത്.
ബാക്കിയുള്ള 1.40 ഏക്കര്‍ ഭൂമി ഇപ്പോഴും റവന്യൂ രേഖകളില്‍ പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, റീ – സര്‍വേ രേഖകളില്‍ ബ്ലോക്ക് നമ്പര്‍ 28ലെ 3.40 ഏക്കര്‍ പുറമ്പോക്ക് രണ്ടിയായി വിഭജിച്ചു. സര്‍വേ 253/35ല്‍ ബിഷപ്പിന്റെ പേരില്‍ രണ്ട് ഏക്കര്‍, 253/42ല്‍ 1.40 ഏക്കര്‍ (പുറമ്പോക്ക് ഭൂമി) എന്ന് രേഖപ്പെടുത്തിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയത്. കൊല്ലം കളക്ടറുടെ അന്വേഷണത്തിലാണ് റിസര്‍വേയില്‍ നിയമവിരുധമായി നടത്തിയ ഈ തട്ടിപ്പ് കണ്ടെത്തിയത്. 3.40 ഏക്കര്‍ ഭൂമിയുടെ പഴയ സര്‍വേ നമ്പര്‍ 181,181എ എന്നിങ്ങനെയാണ്. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ റവന്യൂ രേഖകളില്‍ കൃത്രിമം കാണിച്ചാണ് ബിഷപ്പിനെ രണ്ട് ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥനാക്കിയത്. ഭൂരേഖകളില്‍ നടത്തിയിരിക്കുന്ന കൃത്രിമത്വം പരിശോധനയില്‍ പകല്‍പോലെ വ്യക്തമായി. കൊല്ലം ബിഷപ്പിന് അനുകൂലമായി ഭൂമിയുടെ മ്യൂട്ടേഷന്‍ ഇതോടൊപ്പം റദ്ദാക്കണമെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. 1234-ാം നമ്പര്‍ തണ്ടപ്പേര്‍ അക്കൗണ്ടിലുള്ള രണ്ട് ഏക്കര്‍ പുറമ്പോക്ക് ഭൂമി തിരിച്ചു പിടിക്കണമെന്നും നിര്‍ദേശിച്ചു.
കുണ്ടറ സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പ്രാകരം ബിഷപ്പിന്റെ പേരില്‍ സര്‍വേ നമ്പര്‍ 180-എയില്‍ 5.40 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 761/1089 എം.ഇ വില്‍പന രേഖ പ്രകാരം ആദിച്ചനല്ലൂര്‍ വില്ലേജിലാണ് ഈ ഭൂമി. അതാകട്ടെ 3.40 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയാണ്. കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ആദിച്ചനല്ലൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 181ല്‍ ബിഷപ്പിന് രണ്ട് ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ കൈവശവാകാശമില്ല. റവന്യൂ രേഖകളുടെ കൃത്രിമത്വത്തിലൂടെ രണ്ട് ഏക്കര്‍ ഭൂമി ബിഷപ്പിന്റെ പേരിലാക്കി. തുടര്‍ന്ന് ബിഷപ്പിന്റെയും മ്യൂട്ടേഷനും തണ്ടപ്പര്‍ അക്കൗണ്ട് നമ്പര്‍ 1234 കൊല്ലം അഡീഷണല്‍ അഡീഷണല്‍ തഹസില്‍ദാര്‍ ശരിയാക്കി നല്‍കി.
തട്ടിപ്പ് ബോധ്യപ്പെട്ട ഓഡിറ്റ് സംഘം ചില കാര്യങ്ങള്‍ കളക്ടറോട് ആവശ്യപ്പെട്ടു. രണ്ട് ഏക്കര്‍ പുറമ്പോക്ക് ഭൂമി ബിഷപ്പിന് നല്‍കുന്നതിന് സഹായം നല്‍കിയ കൊല്ലം അഡീഷണല്‍ തഹസില്‍ദാര്‍ക്കെതിരെ നടപടിയെടുത്തോ. സര്‍വേ നമ്പര്‍ 181നെ രണ്ടായി വിഭജിക്കാനു (181, 181 എ) ണ്ടായ സാഹചര്യം എന്താണ്. പഴയ സര്‍വേ നമ്പര്‍ 181-ല്‍ രണ്ട് ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി നിയമവിരുധമായി ബിഷപ്പിന് കൈമാറിയതിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. 3.40 ഏക്കര്‍ ഭൂമിയില്‍ നിന്ന് എന്തെങ്കിലും ആവശ്യത്തിന് ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടോ – തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ മറുപടി ഓഡിറ്റ് ആവശ്യപ്പെട്ടു. പുറമ്പോക്ക് ഭൂമി സര്‍ക്കാറിന്റേതാണ്. ഭൂരഹിതര്‍ക്ക് പതിച്ച് കൊടുക്കുന്നത് ഇത്തരം പുറമ്പോക്ക് ഭൂമിയോ മിച്ചഭൂമിയോ ആണ്. അത് ബിഷപ്പിന് നിയമപരമായി കൈമാറാന്‍ കഴിയില്ല.