കൊല്ലം : കൊല്ലം ബൈപാസിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതല്‍ ടോള്‍ നല്‍കണം. അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ക്കു പത്തിരട്ടി ടോള്‍ ഫീസ് നല്‍കേണ്ടി വരും. ഇതിനു പുറമേ അധികമായുള്ള ലോഡ് ഒഴിവാക്കി യാത്ര തുടരേണ്ടിയും വരും.
352.05 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ബൈപാസിനു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തുല്യവിഹിതമാണു മുടക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ട തുക ടോളായി പിരിച്ചെടുത്തു കഴിഞ്ഞാല്‍ ടോള്‍ നിരക്ക് 40 ശതമാനമാക്കി കുറയ്ക്കും. എന്നാല്‍ വര്‍ഷം തോറും ടോള്‍ നിരക്കു പുതുക്കുമെന്നതിനാല്‍ വാഹനയാത്രികര്‍ക്കു വലിയ ഇളവ് ലഭിക്കാന്‍ സാധ്യത കുറവായിരിക്കും.
നിരക്കുകള്‍ ഇങ്ങനെ
കാര്‍, വാന്‍, ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ എന്നിവയുടെ ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് 25 രൂപയാണ് നിരക്ക്. മടക്കയാത്ര ഉള്‍പ്പെടെ 35 രൂപ. ഈ വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ പ്രതിമാസം 50 യാത്രകള്‍ മാത്രം നടത്തിയാല്‍ 780 രൂപ നല്‍കിയാല്‍ മതി. കൊല്ലം ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വിഭാഗം വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്കു 10 രൂപയാണു ടോള്‍.
ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍, മിനി ബസ് എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 40 രൂപയും മടക്കയാത്രയുണ്ടെങ്കില്‍ 55 രൂപയും നല്‍കണം. ഒരു മാസത്തേക്ക് (50 യാത്രകള്‍ക്ക്) ഈ വിഭാഗം വാഹനങ്ങള്‍ക്ക് 1260 രൂപയാണ് ടോള്‍. കൊല്ലത്ത് റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ വിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് 20 രൂപ ഈടാക്കും.
∙ ബസ്, ട്രക്ക് (ഇരട്ട ആക്സില്‍) എന്നിവയ്ക്ക് ഒരു ദിശയിലേക്കു മാത്രമുള്ള യാത്രയ്ക്ക് 80 രൂപയും മടക്കയാത്രയുണ്ടെങ്കില്‍ 120 രൂപയുമാണ് ടോള്‍. ഒരു മാസത്തേക്ക് 2640 രൂപ ഈടാക്കും. ഈ വിഭാഗത്തിലും കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 40 രൂപ.
∙ മൂന്ന് ആക്സില്‍ ഉള്ള വാഹനങ്ങള്‍ ഒറ്റ യാത്രയ്ക്ക് 85 രൂപയും മടക്ക യാത്ര ഉണ്ടെങ്കില്‍ 135 രൂപയും നല്‍കണം. ഒരു മാസ യാത്രയ്ക്ക് ഇത്തരം വാഹനങ്ങള്‍ 2880 രൂപയാണ് ടോള്‍ നല്‍കേണ്ടി വരിക. റജിസ്ട്രേഷന്‍ കൊല്ലം ജില്ലയിലേത് ആണെങ്കില്‍ ഒരു യാത്രയ്ക്ക് 45 രൂപ.
∙ ഹെവി കണ്‍സ്ട്രക്‌ഷന്‍ മെഷിനറികള്‍, മണ്ണുമാന്തികള്‍ എന്നിവയ്ക്ക് ഒറ്റയാത്രയ്ക്ക് 125 രൂപയും മടക്കയാത്ര ഉണ്ടെങ്കില്‍ 185 രൂപയും കൊടുക്കണം. 50 യാത്രകള്‍ മാത്രം നടത്താവുന്ന പ്രതിമാസ പാക്കേജില്‍ ഈ വിഭാഗത്തിനു 4140 രൂപയാണു ടോള്‍. കൊല്ലം റജിസ്ട്രേഷനാണ് വാഹനത്തിനെങ്കില്‍ ഒറ്റ യാത്രയ്ക്ക് 60 രൂപ.
∙ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒറ്റ യാത്രയ്ക്ക് 150 രൂപ ടോള്‍ നല്‍കണം. മടക്കയാത്ര ഉണ്ടെങ്കില്‍ 225 രൂപ. ഈ വിഭാഗത്തില്‍പെട്ട വാഹനങ്ങള്‍ പ്രതിമാസം 50 യാത്രകള്‍ മാത്രം നടത്തിയാല്‍ 5040 രൂപ ടോള്‍ നല്‍കിയാല്‍ മതി. കൊല്ലം റജിസ്ട്രേഷനുള്ളവ ഒരു യാത്രയ്ക്ക് 75 രൂപ നല്‍കണം.
അതേ സമയം കൊല്ലത്ത് ടോള്‍ സമരം ശക്തമാക്കുമെന്ന് ഡിവൈഎഫ്‌ഐയും കോണ്‍ഗ്രസും വ്യക്തമാക്കി