എഴുകോണ്‍: കൊല്ലത്ത്മദ്യപിച്ച് ട്രാക്കില്‍ കിടന്ന യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ. മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായതിനെ തുടര്‍ന്നാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പ് അനുസരിച്ച് കനത്ത മഴയില്‍ ട്രാക്ക് പരിശോധിച്ചപ്പോഴാണ് മദ്യപിച്ച ലക്കുകെട്ട യുവാവിനെ കണ്ടെത്തിയത്.
മദ്യപിച്ച യുവാവ് റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടയിലാണ് ട്രാക്കില്‍ കിടന്നത്. മദ്യ ലഹരിയില്‍ കിടക്കുന്നത് ട്രാക്കിലാണെന്ന് പോലും എഴുകോണ്‍ സ്വദേശിയായ അശോകന് സാധിച്ചിരുന്നില്ല. വീട്ടിലേക്ക് വാങ്ങിയ പാലും സോപ്പുമടക്കമുള്ള സാധനങ്ങള്‍ കയ്യില്‍ നിന്ന് വീണ് പോയ നിലയിലായിരുന്നു ഇയാള്‍ ട്രാക്കില്‍ കിടന്നത്. ഇതേസമയം ഈ പാതയില്‍ കടന്നുപോയ പുനലൂര്‍ നാഗര്‍കോവില്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് ട്രാക്കിലുള്ളത് മൃതദേഹമാണെന്നാണ് കരുതിയത്. ട്രാക്കില്‍ മൃതദേഹമുണ്ടെന്ന വിവരം ലോക്കോ പൈലറ്റ് കൊട്ടാരക്കര സ്റ്റേഷനിലും അറിയിച്ചു. റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് സംഭവ സ്ഥലത്തേക്ക് പോലീസ് എത്തുന്നത്. തുടര്‍ന്ന് ഇയാളെ പോലീസുകാര്‍ വീട്ടില്‍ എത്തിക്കുകയായിരുന്നു.