കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം ഇത്തിക്കരയാറില്‍ കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ ആര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഗ്രീഷ്മയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതേതുടര്‍ന്ന് ഇത്തിക്കരയാറില്‍ പരിശോധന തുടരുകയാണ്.
കഴിഞ്ഞ ജനുവരിയിലാണ് സംഭവം. നവജാത ശിശുവിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റെ മാതാവ് രേഷ്മ എന്ന യുവതിയാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പാരിപ്പള്ളി പോലീസ് കണ്ടെത്തിയത്. കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി കുഞ്ഞിനെ കൊന്നു എന്നായിരുന്നു രേഷ്മ പോലീസിന് നല്‍കിയ മൊഴി.
മൊഴി വിശ്വാസ്യയോഗ്യമാണോ എന്ന് പരിശോധിക്കാന്‍ ഇന്നലെ രേഷ്മയുടെ ബന്ധുവായ ആര്യയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ഗ്രീഷ്മയെയും കൂട്ടിയാണ് ആര്യ വീട്ടില്‍നിന്ന് ഇറങ്ങിയത്. തുടര്‍ന്ന് യുവതികളെ കാണാതായതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. യുവതികള്‍ ഇത്തിക്കരയാറിന് സമീപം എത്തുകയും ഇവിടെവെച്ച് മൊബൈല്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് ഇത്തിക്കരയാറില്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.