കൊല്ലം : കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ കാര്യം രേഷ്മ ഞെട്ടലോടെയാണ് കേട്ടത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞില്‍ തന്നോട് പകയുണ്ടാകാം. അതിനാലാകാം തന്നെ കബളിപ്പിച്ചതെന്നും രേഷ്മ പറഞ്ഞു. അതിനിടെ അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടായിരുന്നെന്ന് രേഷ്മ ആവര്‍ത്തിച്ചു. അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയത് എന്നും അവര്‍ പറഞ്ഞു.
‘അനന്തു’ എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ആറ് ഫേസ് ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. ഒരു ഫേസ് ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അന്വേഷണ സംഘം ഫേസ് ബുക്കിനെ സമീപിച്ചിരുന്നു.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പോലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പോലീസിനു നല്‍കിയിരിക്കുന്ന മൊഴി.
രേഷ്മ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവള്‍ പ്രസവിച്ച കുഞ്ഞിനെയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് വിഷ്ണു പറഞ്ഞിരുന്നു. ഫേസ് ബുക്കിലും വാട്സാപ്പിലും രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വിഷ്ണു പറയുന്നു. ഫേസ് ബുക്ക് സൗഹൃദത്തെ ചൊല്ലി രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഇതിനെ താന്‍ എതിര്‍ത്തിരുന്നതായും വിഷ്ണു പറയുന്നു. ഒരിക്കല്‍ ഇതേ ചൊല്ലി വഴക്ക് ഉണ്ടായപ്പോള്‍ രേഷ്മയുടെ സ്മാര്‍ട്ഫോണ്‍ താന്‍ നശിപ്പിച്ചു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.