കൊല്ലം : തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഇടയ ലേഖനം വായിച്ച് കൊല്ലം ലത്തീന്‍ രൂപതക്ക് കീഴിലെ ചര്‍ച്ചുകള്‍. മത്സ്യ ബന്ധന മേഖലയെ വിദേശ കുത്തകകള്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇടയലേഖനത്തില്‍ പറഞ്ഞു.
ഇ എം സി സി കരാര്‍ പിന്‍വലിച്ചത് എതിര്‍പ്പിനെ തുടര്‍ന്ന് മാത്രമാണ്. കോര്‍പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും തീരങ്ങളെ ചൂഷണം ചെയ്യാനുള്ള കരാര്‍ ഇതിനകം വന്നു കഴിഞ്ഞു. കേരളത്തിന്റെ സൈന്യം എന്ന് മത്സ്യ തൊഴിലാളികളെ പറയുന്ന സര്‍ക്കാര്‍ തന്നെ അവരെ മുക്കികൊല്ലാന്‍ ശ്രമിക്കുന്നു.
ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയും മത്സ്യ തൊഴിലാളികള്‍ക്കെതിരാണ്. ടൂറിസത്തിന്റെ പേരില്‍ പരമ്പരാഗത മത്സ്യ തൊഴിലാളികളെ ഇല്ലാതാക്കാനാണ് ശ്രമം. മത്സ്യ തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും ഇടയലേഖനം പറയുന്നു.