തൃശ്ശൂര്‍: വാഹനാപകടത്തില്‍ നടന്‍ കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറില്‍നിന്ന് പുറത്തെടുത്തത് എയര്‍ബാഗ് മുറിച്ചു മാറ്റിയശേഷമാണെന്നും സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മുഖമാകെ രക്തമായിരുന്നുവെന്നും ദൃക്സാക്ഷി. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം. വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് റിപ്പോര്‍ട്ടുകള്‍.