കൊല്ലം : സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്മയ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിൽ കോടതി നടപടികളിൽ നാടകീയ സംഭവങ്ങൾ. കേസിലെ പ്രതി വിസ്മയയുടെ ഭർത്താവ് കിരൺകുമാർ അഭിഭാഷകനെ മാറ്റാൻ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ ഇന്നലത്തെ കോടതി നടപടികളിൽ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്.
കേസ് നിലവിൽ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാൻ അനുവാദം തേടി അപേക്ഷിച്ചത്. അഡ്വക്കേറ്റ് സി.പ്രതാപചന്ദ്രൻ പിള്ള, അഡ്വക്കേറ്റ് ഷൈൻ.എസ് പട്ടംതുരുത്ത് എന്നിവരെ പകരം നിയോഗിക്കാനും കോടതി അനുവദിച്ചു. ഇതനുസരിച്ചു മജിസ്ട്രേട്ട് കോടതിയിലേക്കും കിരൺകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരൺകുമാറിൽ നിന്ന് ഒപ്പിട്ടു സമർപ്പിക്കുകയും ചെയ്തു.
ഇന്നലെ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് സി.പ്രതാപചന്ദ്രൻപിള്ള ഹാജരായി കേസ് പഠിക്കാൻ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് എതിർത്തതുമില്ല.
ഇതേസമയം അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയറും ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ പങ്കെടുത്തു. ലഭ്യമായ രേഖകൾ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ പിന്നീട് ഇടപെട്ടതുമില്ല. കേസ് ഇനി 31നു പരിഗണിക്കും.