പാലക്കാടൻ ഗ്രാമങ്ങൾക്ക് ഗൃഹാതുരത്വത്തിന്‍റെ ഓർമ്മകളിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകാനാവും. എന്നാൽ ഇന്നത് വലിയ ടൂറിസം സാധ്യതകളിലേക്ക് കൂടി വഴിമാറി. കേരളത്തിലെ ഗ്രാമീണ ഭംഗിയുടെ സകല യശസ്സും പേറിക്കൊണ്ട് പേരെടുത്ത ഒരിടമാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്. ഇന്നിവിടം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസം ലൊക്കേഷൻ കൂടിയാണ്. കൊല്ലങ്കോട് ഗ്രാമീണ ഭംഗി ആസ്വദിക്കാനും കേരളത്തിന്റെ യഥാർത്ഥ ഗ്രാമീണ കാഴ്‌ചകൾ അറിയാനും ധാരാളം സഞ്ചാരികൾ എത്തുന്ന ഇടമാണ് പാലക്കാട് ജില്ലയിലെ ഈ കൊച്ചു ഗ്രാമം. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി കുറച്ച് ദിവസം ശുദ്ധവായു ശ്വസിച്ച് ഗ്രാമീണ അന്തരീക്ഷത്തിൽ കഴിയണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഓപ്‌ഷൻ മറ്റൊന്നില്ല. പാലക്കാട് ജില്ലയിൽ കേരള തമിഴ്‌നാട് അതിർത്തിക്ക് സമീപം നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് ഇത്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
പഴയ ഗൃഹാതുരത്വ ഓർമ്മകളുടെ കാഴ്‌ചകളാണ് ഈ ഗ്രാമത്തിലേക്ക് ആളുകളെ ആകർഷിക്കുന്ന ഏറ്റവും വലിയ ഘടകം. കൊല്ലങ്കോട്, സീതാർകുണ്ട് വെള്ളച്ചാട്ടം, കുടിലിടം, തേക്കിൻചിറ, പെരിങ്ങോട്ടുശ്ശേരി കളം, ചുള്ളിയാർ ഡാം, ചിങ്ങൻചിറ കറുപ്പസ്വാമി ക്ഷേത്രം എന്നിങ്ങനെ ഈ മേഖലയിൽ എത്തിയാൽ ഒരു ചെറിയ ചുറ്റളവിൽ കാണാൻ കാഴ്‌ചകൾ ഏറെയാണ്. പതിറ്റാണ്ടുകൾ മുൻപ് കേരളത്തിലെ ഗ്രാമങ്ങളിൽ സ്ഥിരം കാഴ്‌ചയായ ചായക്കടകളുടെ തനിപ്പകർപ്പായ ചെല്ലൻ ചേട്ടന്റെ കടയിൽ കയറാൻ ഒരിക്കലും മറക്കരുത്. ഒരുപക്ഷേ ഇക്കാഴ്‌ച കാണാത്ത പുതു തലമുറയ്ക്ക് ഇത് പുതിയൊരു അനുഭവം കൂടിയാകും. പാലക്കാട് ജില്ലയിൽ കേരള-തമിഴ്‌നാട് അതിർത്തിക്ക് സമീപം നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലുള്ള ഗ്രാമമാണ് ഇത്. പാലക്കാട് നഗരത്തിൽ നിന്ന് 26 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.