കോന്നി : വറ്റിവരണ്ട് കിടന്ന കല്ലാർ, ഇടയ്ക്കിടെ പെയ്ത മഴയിൽ വീണ്ടും ഒഴുകി തുടങ്ങിയതോടെ കുടിവെള്ളം തേടി ഇറങ്ങുന്ന വന്യമൃഗങ്ങൾ ജനങ്ങൾക്ക് കൌതുകമാകുന്നു. കാട്ടുപോത്ത്, ആന, പന്നി, കുരങ്ങ്, മ്ലാവ്, വിവിധ ഇനം കൊക്കുകൾ തുടങ്ങിയവയെല്ലാം കല്ലാറ്റിൽ വെള്ളം കുടിക്കുവാൻ എത്താറുണ്ട്.
രണ്ട് ദിവസങ്ങളിൽ ലോക്ഡൌൺ സമാന നിയന്ത്രണങ്ങൾ വന്നത് ജനത്തിരക്ക് കുറച്ചതോടെ വനത്തിനുള്ളിൽ നിന്നും കൂട്ടമായാണ് കാട്ടുപോത്തുകൾ എത്തിയത്. കല്ലാറ്റിൽ ഇറങ്ങി വെള്ളം കുടിച്ച് ഏറെ നേരം വെള്ളത്തിൽ കിടന്ന് ചൂട് ശമിപ്പിച്ചതിന് ശേഷമാണ് പോത്തുകൾ വനത്തിലേക്ക് മടങ്ങിയത്. ഇതിനിടയിൽ ഇതുവഴി വന്ന യാത്രക്കാരിൽ ചിലർ ഇവയുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയെങ്കിലും ഇവരെ ഗൌനിക്കാതെ പോത്തിൻ കൂട്ടം കാട്ടിനുള്ളിലേക്ക് മടങ്ങി. കല്ലാറ്റിൽ വെള്ളം കുടിക്കുവാൻ എത്തുന്ന കാട്ടാന കൂട്ടവും അനവധിയാണ്. പകൽ സമയത്ത് വാഹനയാത്രക്കാർക്ക് ആനയെയും പോത്തിനേയും ഒക്കെ കാണാൻ സാധിക്കുമെങ്കിലും രാത്രിയിൽ കോന്നി തണ്ണിത്തോട് റോഡ് വഴിയുള്ള യാത്ര ദുഷ്കരമാണ്. നിറയെ വളവുകൾ ഉള്ള റോഡായതിനാൽ വെളിച്ചകുറവുള്ള ഭാഗങ്ങളിൽ ആന യുടേയും മറ്റും അടുത്ത് എത്തിയതിന് ശേഷമാകും യാത്രക്കാർക്ക് അപകടം മനസിലാവുക. മുൻപ് പലതവണ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. വന്യമൃഗങ്ങൾ റോഡ് മുറിച്ച് കടക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.