കോന്നി : അതിരുങ്കൽ – കുളത്തുമൺ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതാണത് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. കഴിഞ്ഞ പ്രളയത്തിനായിരുന്നു റോഡിന്റെ ഒരു വശം ഇടിഞ്ഞുതാഴ്ന്നത്. ഇതിപ്പോൾ വാഹനയാത്രക്കാർക്കു കൂടുതൽ ഭീഷണിയായിരിക്കുകയാണ്.
റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നെങ്കിലും ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. മുൻപ് ഇതുവഴി യാത്ര ചെയ്യ്തിരുന്ന കെ എസ ആർ ടി സി ബസിന്റെ മുൻഭാഗത്തെ ടയറുകൾ കുഴിയിൽ വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപെട്ടത്. ഇതിനെ തുടർന്ന് ഇവിടെ വടം കെട്ടി സംരക്ഷിച്ചിരുന്നു.
പ്രളയ സമയത്ത് ഇവിടെയുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് റോഡിന്റെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നതെന്ന് നാട്ടുകാർ പറയുന്നു. കുളത്തുമൺ രത്നഗിരി ഭാഗമാണ് ഇപ്പോൾ കൂടുതൽ അപകടാവസ്ഥയിലായിരിക്കുന്നത്. മഴ ശക്തമായാൽ റോഡിന്റെ വശങ്ങൾ ഇനിയും ഇടിയുവാൻ സാധ്യത ഏറെയാണ്. വാഹന യാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. റോഡിന്റെ വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടി അപകട ഭീതി ഒഴിവാക്കുവാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു