കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു. പ്രമാടം ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള എൽ ഡി എഫ് സ്ഥാനാർഥി ജലജ പ്രകാശ്, യു ഡി എഫ് സ്ഥാനാർഥി കോന്നി ജി എച്ച് എസ് എസ് മുൻ പ്രിൻസിപ്പൽ ജ്യോതി എന്നിവർ നേതാക്കളുമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തിയിരുന്നു. റിറ്റേണിങ് ഓഫിസർ റാന്നി ഡി എഫ് ഒ ജയകുമാർ ശർമ്മയുടെ സാന്നിധ്യത്തിൽ ആയിരുന്നു സൂക്ഷ്മ പരിശോധന നടന്നത്. ഈ ഡിവിഷൻ മെമ്പറും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജിജി സജി അയോഗ്യയാക്കപെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമാടം പഞ്ചായത്തിലേ ബ്ലോക്ക് പടി, പള്ളിപടി, തെങ്ങുംകാവ്, വട്ടകാവ്, പേരൂർ കുളം, കോന്നി ഗ്രാമപഞ്ചായത്തിലെ മാമൂട്, ചിറ്റൂർ മുക്ക് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഇളകൊള്ളൂർ ഡിവിഷൻ. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈ കോടതി ശരിവെച്ചിരുന്നു. കൂറുമാറ്റവുമായി ബന്ധപ്പെട്ട് തന്നെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് ജിജി സജി ഹൈകോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഈ വിധി ഉണ്ടായത്. ഇതോടെ ആണ് ഇളകൊള്ളൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞത്.
ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജിജി സജി എൽ ഡി എഫിന് ഒപ്പം ചേർന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുകയായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ പരാതി സ്വീകരിച്ച കമ്മീഷൻ ഇവരെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെ ആണ് ഹൈ കോടതിയെ സമീപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. അയോഗ്യത ശരിവെച്ചതോടെ പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് ഇവിടെ. കഴിഞ്ഞ തവണ എൽ ഡി എഫ് ലെ റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്ക് ആണ് ജിജി തോല്പിച്ചത്. 13 അംഗങ്ങൾ ഉള്ള കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ എൽ ഡി എഫ് നും യു ഡി എഫ് നും 6 അംഗങ്ങൾ ആണ് ഉള്ളത്.