കോന്നി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് സത്യപ്രതിജ്ഞയും കഴിഞ്ഞതോടെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പദവികൾക്കായി കോൺഗ്രസ്സിൽ തമ്മിലടി മുറുകുന്നു. പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായ കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിശ്ചയിച്ച് വള്ളിക്കോട് ഡിവിഷനിൽ മത്സരിപ്പിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ലീല രാജൻ എൽ ഡി എഫ് സ്ഥാനാർഥി പ്രസന്ന രാജനോട് പരാജയപ്പെട്ടിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ്സ് എ, ഐ ഗ്രുപ്പുകൾ തമ്മിൽ പോരാട്ടം ശക്തമാകുകയാണ്. മുൻ മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ഈശോ, തണ്ണിത്തോട് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അമ്പിളി എന്നിവർ ഇരു ബ്ലോക്ക് ഡിവിഷനുകളിൽ നിന്നും മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇവരുടെ പേരുകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഉയർന്ന് വരുന്നതെങ്കിലും ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും മത്സരിച്ച് വിജയിച്ച മുൻ ഗ്രാമ പഞ്ചായത്ത് അംഗവും കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ സജി വെള്ളപ്പാറയുടെ ഭാര്യ ജിജി സജിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എൽസി ഈശോയും അമ്പിളിയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവികൾ അലങ്കരിച്ചിരുന്നവരാണെന്നും അതിനാൽ ജിജി സജിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയും കോൺഗ്രസിൽ കരുനീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പതിനെട്ടിൽ പന്ത്രണ്ട് സീറ്റുകൾ നേടിയാണ് കോൺഗ്രസ് കോന്നി പഞ്ചായത്തിൽ അധികാരത്തിൽ എത്തുന്നത്. എൽ ഡി എഫിന് അഞ്ചും ബി ജെ പിക്ക് ഒന്നും സീറ്റാണ് കോന്നി പഞ്ചായത്തിൽ ഉള്ളത്. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായ ഇവിടെ കോൺഗ്രസിലെ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ സുലേഖാ വീ നായർ, ആനി സാബു തോമസ് എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. രണ്ടാം വാർഡിൽ നിന്ന് വിജയിച്ച തോമസ് കാലായിലിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും കോൺഗ്രസിനുള്ളിൽ ഉയരുന്നു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ തുടർ ഭരണം ലഭിച്ച കോൺഗ്രസിലും പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ചർച്ചകൾ സജ്ജീവമാണ്. പറക്കുളം ഏഴാം വാർഡിൽ നിന്ന് വിജയിച്ച കെ എ കുട്ടപ്പന്റെ പേരാണ് മണ്ഡലം കമ്മറ്റി നേതൃനിരയിൽ നിന്ന് അദ്ധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുവരുന്നത്. സീനിയോറിറ്റിയും മുൻ ജനപ്രതിനിധിയുമായ കുട്ടപ്പനും അദ്ധ്യക്ഷ പദവിക്കുള്ള
സാധ്യത ഏറുന്നുണ്ട്. തണ്ണിത്തോട് പത്താം വാർഡിൽ നിന്ന് വിജയിച്ച ഷാജി കെ ശാമുവേലിന്റെ പേരും പരിഗണനയിലാണ്. വരും ദിവസങ്ങളിൽ അദ്ധ്യക്ഷ പദവി സംബന്ധിച്ച ചർച്ചകൾ നടക്കും.