കോന്നി : അതുൽ കൃഷ്ണന്റെ ദാരുണാന്ത്യം നാടിനെ നടുക്കി. പതിനഞ്ച് വർഷത്തിലധികമായി കെട്ടിട നിർമ്മാണ മേഖലയിൽ തട്ടുപണിക്കാരനായും മേസ്തിരിയായും ജോലി ചെയ്തുവരികയായിരുന്നു അതുൽ കൃഷ്ണൻ. മാസങ്ങൾക്ക് മുമ്പാണ് വിത്സൺ വില്ലയിലെ ജോസ് എന്നയാൾ കെട്ടിടം നിർമ്മിച്ച് വിൽക്കുന്നതിനായി അതുൽ കൃഷ്‌ണനെ കെട്ടിട നിർമ്മാണ ജോലികൾ ഏൽപ്പിച്ചത്.
മറിച്ചുവിൽക്കാനായി നിർമ്മിച്ച ഈ കെട്ടിടത്തിന് ഗുണനിലവാരം കുറഞ്ഞ സിമന്റും കമ്പിയും ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് മൂലം ഉണ്ടായ ദുരന്തത്തിന്റെ ഇരയാണ് അതുൽ കൃഷ്ണൻ. യുവാവിന്റെ മരണത്തിന് കാരണമായ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ പണി പൂർത്തീകരിച്ചതിനു ശേഷം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മുകളിലത്തെ നില നിർമ്മിച്ചത്. മേൽക്കൂരയുടെ നാല് ഭാഗത്തും കട്ടകൊണ്ട് തൂണുകൾ നിർമ്മിച്ച് ഇതിന് മുകളിലായിരുന്നു മേൽക്കൂര ബലപ്പെടുത്തിയത്. സാധാരണയായി വീടിന്റെ മേൽക്കൂര വാർത്തുകഴിഞ്ഞാൽ മൂന്നാഴ്ചയ്ക്ക് ശേഷമാണ് വാർപ്പിന് ഉപയോഗിച്ച തട്ട് ഇളക്കുന്നത്. എന്നാൽ ദുരന്തമുണ്ടായ കെട്ടിടത്തിന്റെ വാർപ്പ് കഴിഞ്ഞ് ഏഴാം ദിവസമാണ് തട്ടിളക്കിയത്.
ഉടമസ്ഥന്റെ നിർബന്ധപ്രകാരമാണ് അതുൽ കൃഷ്ണന് തട്ട് ഇളക്കേണ്ടി വന്നതെന്ന് പറയുന്നു. തട്ട് ഇളക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ തട്ടലും മുട്ടലും മൂലം മേൽക്കൂര ബലപ്പെടുത്തിയ തൂണ് ഇളകി മേൽക്കൂര അതുൽകൃഷ്ണന് മുകളിലേക്ക് പതിക്കുകയായിരുന്നു. പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സും കോന്നി പോലീസും ചേർന്ന് മറ്റ് കോൺട്രാക്റ്റര്‍മാരുടെ സഹായത്തോടെ മേൽക്കൂര കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റി മൃതദേഹം നാലരയോടെ പുറത്ത് എടുക്കുകയായിരുന്നു.