കോന്നി : ശബരിമല മണ്ഡല കാലത്ത് ഗതാഗത കുരുക്ക് രൂക്ഷമാകുന്ന കോന്നി ട്രാഫിക് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പലപ്പോഴും കോന്നി സെൻട്രൽ ജംഗ്ഷനിൽ ഒരു ഹോം ഗാർഡ് മാത്രമാണ് ഉണ്ടാകുക. ചില സമയങ്ങളിൽ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർ ഉള്ളത്. പരിചയ സമ്പന്നർ അല്ലാത്ത ഹോം ഗാർഡുകൾ ഗതാഗതം നിയന്ത്രിക്കുന്നത് മൂലം രൂക്ഷമായ ഗതാഗത കുരുക്കാണ് കോന്നിയിൽ അനുഭവപ്പെടുന്നത്. കോന്നി പോലീസ് സ്റ്റേഷൻ റോഡ്, സംസ്ഥാന പാത, ആനക്കൂട് റോഡ് എന്നിവ ഉൾപ്പെടുന്ന നാല് റോഡുകൾ കൂടി ചേരുന്നതാണ് കോന്നി സെൻട്രൽ ജംഗ്ഷൻ. പലപ്പോഴും ആശാസ്ത്രീയമായ ഗതാഗത നിയന്ത്രണം മൂലം വലിയ കുരുക്കാണ് കോന്നിയിൽ അനുഭവപ്പെടുന്നത്. കോന്നി ഗ്രാമ പഞ്ചായത്ത് ഗതാഗത ഉപദേശക സമിതി യോഗങ്ങൾ ചേർന്ന് കോന്നിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ഒട്ടേറെ കാര്യങ്ങൾ ആസൂത്രണം ചെയ്തു എങ്കിലും ഒന്നും നടപ്പായില്ല.
കോന്നി നഗരത്തിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അനധികൃത കച്ചവടങ്ങളും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കോന്നി ട്രാഫിക് ജംഗ്ഷനിൽ നിന്നും നാല് ഭാഗത്തേക്കും ഉള്ള റോഡിൽ നിശ്ചിത ദൂരത്തിൽ പാർക്കിങ് കർശനമായി നിയന്ത്രിക്കും എന്ന് തീരുമാനം എടുത്തു എങ്കിലും ഒന്നും നടപ്പായില്ല. പ്രധാന റോടുകളിൽ വലിയ ലോറികൾ നിർത്തിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി സാധനങ്ങൾ കയറ്റി ഇറക്കുന്നതും ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. മണ്ഡല കാലത്ത് കോന്നിയിൽ സ്ഥാപിച്ച പോലീസ് ഐയ്ഡ് പോസ്റ്റിലും പലപ്പോഴും ബന്ധപ്പെട്ടവർ ഉണ്ടാകില്ല എന്നും പരാതിയുണ്ട്.
രാവിലെയും വൈകുന്നേരങ്ങളിലും ആണ് കോന്നി ട്രാഫിക് ജംഗ്ഷനിൽ തിരക്ക് വർധിക്കുന്നത്. ഈ സമയങ്ങളിൽ തിരക്ക് കുറക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്. കോന്നിയിൽ രൂക്ഷമാകുന്ന ഗതാഗത കുരുക്കിൽ നിരവധി ആംബുലൻസുകളും അകപ്പെടാറുണ്ട്. കോന്നി മെഡിക്കൽ കോളേജ് ശബരിമല ബെസ് ആശുപത്രിയാക്കിമാറ്റിയതോടെ രോഗികളുമായി വരുന്ന 108 ആംബുലൻസുകൾ ഉൾപ്പെടെ ഈ കുരുക്കിൽ അകപ്പെടുന്നു. പോലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇടപെട്ട് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.