കോന്നി : കോന്നി-അട്ടച്ചാക്കൽ-കുമ്പഴ റോഡിൽ ചാങ്കൂർ മുക്കിൽ റോഡിലെ ടാറിങ് ഇടിയുന്നത് അപകടക്കെണിയായി മാറുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഇടിഞ്ഞു താഴ്ന്നതാണ് ഇതേ റോഡിലെ ചാങ്കൂർ മുക്ക് ഭാഗം. തുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ഈ ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി ഉയർത്തിയാണ് ഗതാഗതം പൂർവ സ്ഥിതിയിലാക്കിയത്. എന്നാൽ കരിങ്കൽ ഭിത്തി കെട്ടിയ ഭാഗത്ത് റോഡിനും ഭിത്തിക്കും ഇടയിലുള്ള വിടവ് നികത്തിയതിന് ശേഷം റോഡ് ടാർ ചെയ്തപ്പോൾ ഈ ഭാഗം താഴ്ന്ന് പോയി. ഇതോടെ അപകട സാധ്യതയും വർധിച്ചു. ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദൂരെനിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതിനും സാധ്യത ഏറെയാണ്. മഴ കൂടി പെയ്തതോടെ ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് വെള്ളംകെട്ടി കിടക്കുന്നത് കൂടുതൽ അപകട കാരണമാകുന്നു.
ശബരിമല മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്. മണ്ഡല കാലത്ത് കോന്നി മുരിങ്ങമംഗലം ശബരിമല ഇടത്താവളത്തിൽ എത്തിച്ചേരുന്ന അയ്യപ്പ ഭക്തരും തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വഴി ശബരിമലക്ക് പോകുന്നവരും ഈ വഴിയാണ് സഞ്ചരിക്കുന്നത്. ഇത് അയ്യപ്പ ഭക്തർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. മുമ്പ് പ്രളയകാലത്ത് ഇടിഞ്ഞുതാഴ്ന്ന റോഡിലെ ഈ ഭാഗം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സംരക്ഷണഭിത്തി കെട്ടി ടാർ ചെയ്തത്. ഇടിഞ്ഞുതാഴ്ന്ന ഭാഗം പൂർവസ്ഥിതിയിലാക്കുമെന്ന് കരാറുകാർ പൊതുമരാമത്ത് അധികൃതർക്ക് ഉറപ്പുനൽകിയിട്ടുണ്ട് എങ്കിലും മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് സാധിക്കുമോ എന്നത് ആശങ്ക വർധിപ്പിക്കുന്നു.