കോന്നി : കോന്നി ടൗണിനു സമീപം ഉള്ള ചൈനാ മുക്ക് ശ്രദ്ധേയമാണ്. ഈ സ്ഥലത്തിന് ഈ പേര് നൽകിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ്. 1951 ലെ ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണത്തിനായി കോന്നിയിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. അദ്ദേഹം കടന്നു പോയ വഴികളിൽ ചുവന്ന കൊടിയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ട സ്ഥലമായിരുന്നു ഇന്നത്തെ ചൈന ജംഗ്ഷൻ. ഇത് ശ്രദ്ധയില്‍പ്പെട്ട നെഹ്‌റു ഈ പ്രദേശത്തെ ചൈന ജംഗ്ഷൻ എന്ന് പേരിട്ട് വിളിക്കുകയായിരുന്നു.
ഇപ്പോൾ ഇന്ത്യ ചൈന അതിർത്തിയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് കാലങ്ങളായി ഉപയോഗിച്ചു വരുന്നതും മുന്‍ പ്രധാനമന്ത്രി നാമകരണം ചെയ്തിട്ടുള്ളതുമായ പേര് ഇപ്പോൾ മാറ്റണമെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ ഉള്‍പ്പെടെ ചിലര്‍ ആവശ്യപ്പെട്ടിരുന്നു.
ആവശ്യം തികച്ചും ബാലിശമാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനോടുള്ള അനാദരവാണെന്നും കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ബിജി കെ വർഗീസ് പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ചൈനീസ് കടന്നുകയറ്റത്തിൽ ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യൻ സേന പ്രാപ്തമാണെന്നും അവസരോചിതമായി സൈന്യം തങ്ങളുടെ കർത്തവ്യം നിർവഹിക്കുമെന്നും ബിജി പറഞ്ഞു. കാലങ്ങളായി ഉപയോഗിച്ചു വരുന്ന സ്ഥലനാമം മാറ്റുന്ന നടപടിയിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അടക്കമുള്ളവർ പിൻമാറണമെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ അംഗം ബിജി കെ വർഗീസ് ആവശ്യപ്പെട്ടൂ.