പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ പതിനൊന്ന് പഞ്ചായത്തുകളിലായി 1500 കിടക്കകളോടു കൂടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാരംഭിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എസ്.ചന്ദ്രശേഖര്‍ എന്നിവര്‍ പങ്കെടുത്ത് ചേര്‍ന്ന നിയോജക മണ്ഡലം തല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഒരു പഞ്ചായത്തില്‍ നൂറില്‍ കുറയാത്ത കിടക്കകളോടു കൂടിയ താല്‍ക്കാലിക ആശുപത്രിയാണ് ക്രമീകരിക്കുന്നത്. പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന വിഹിതത്തില്‍ നിന്നും തുക ചിലവഴിച്ച് ആവശ്യമായ കിടക്കയും അനുബന്ധ ഉപകരണങ്ങളും വാങ്ങാനും യോഗം തീരുമാനിച്ചു.
സീതത്തോട് പഞ്ചായത്തില്‍ ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്, ഗുരുകുലം യു.പി.എസ്, കെ.ആര്‍.പി.എം.എച്ച്.എസ് എന്നീ സ്ഥാപനങ്ങളെ ഫസ്റ്റ് ലൈന്‍ സെന്ററുകളാക്കും. ചിറ്റാര്‍ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി കോളജ്, ഹോളി ഫാമിലി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളെ എഫ്എല്‍റ്റിസി ആക്കി മാറ്റും. തണ്ണിത്തോട് പഞ്ചായത്തില്‍ കോളജ് ഓഫ് അപ്ലയ്ഡ് സയന്‍സ്, ജി.എച്ച്.എസ്.എസ് എലിമുള്ളുംപ്ലാക്കല്‍ എന്നീ സ്ഥാപനങ്ങളും, മലയാലപ്പുഴ പഞ്ചായത്തില്‍ മുസലിയാര്‍ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, മൈലപ്ര പഞ്ചായത്തില്‍ എസ്.എച്ച്.ഹൈസ്‌കൂള്‍, മണ്ണാറക്കുളഞ്ഞി കാത്തലിക് സെന്റര്‍ എന്നിവയും എഫ്എല്‍റ്റിസികളാക്കാന്‍ തീരുമാനിച്ചു. കോന്നി പഞ്ചായത്തില്‍ എസ്.എ.എസ്.എസ്.എന്‍.ഡി.പി കോളജ്, താവളപ്പാറ സെന്റ് തോമസ് കോളേജ്, എലിയറയ്ക്കല്‍ അമൃത സ്‌കൂള്‍ എന്നിവയും, അരുവാപ്പുലത്ത് കല്ലേലി ഹോസ്പിറ്റല്‍ കോംപ്ലക്‌സും, പ്രമാടത്ത് നേതാജി ഹൈസ്‌കൂളും, വള്ളിക്കോട് എം. കണ്‍വന്‍ഷന്‍ സെന്ററും, കലഞ്ഞൂരില്‍ ഐ.എച്ച്.ആര്‍.ഡി കോളജും, മാര്‍ത്തോമാ പാരീഷ് ഹാളും, ഏനാദിമംഗലത്ത് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി തീരുമാനിച്ചു.
പഞ്ചായത്തുകള്‍ ഒരു നഴ്‌സിനെ നിയമിക്കണം. ആരോഗ്യ വകുപ്പ് നഴ്‌സ്, ഡോക്ടര്‍ സേവനങ്ങള്‍ ഉറപ്പു വരുത്തും ഓരോ എഫ്എല്‍റ്റിസിയിലും ഒരു സ്മാര്‍ട്ട് ഫോണ്‍ കണക്ഷനും ഒരു സാധാരണ ഫോണ്‍ കണക്ഷനും എടുക്കണം. ഇലക്ട്രിസിറ്റി, കുടിവെള്ളം എന്നിവ ബന്ധപ്പെട്ട വകുപ്പുകള്‍ ഏര്‍പ്പാടാക്കണം. എല്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ടൊയ്‌ലറ്റ് നിര്‍മ്മിക്കാനും തീരുമാനമായി. രോഗികളെ കൊണ്ടുവരാന്‍ ടാക്‌സികള്‍ പ്രത്യേക കാബിന്‍ തിരിച്ച് ക്രമീകരിക്കും. ആര്‍ടിഒ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തും. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകമായി എഫ്എല്‍റ്റിസിയില്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. കുടുംബശ്രീകള്‍ ഭക്ഷണ വിതരണം നടത്തും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തിര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കൂടുതല്‍ കിടക്കകള്‍ ക്രമീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ പഞ്ചായത്തുകള്‍ കണ്ടെത്തി വെയ്ക്കണം. സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എയെ കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടറെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഐഎഎസ് ഓഫീസര്‍ എസ്.ചന്ദ്രശേഖര്‍, ഡപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന മുഹമ്മദ് റാഫി, രവികല എബി, എം.വി.അമ്പിളി, എം.രജനി, റോബിന്‍ പീറ്റര്‍, സുനില്‍ വര്‍ഗീസ് ആന്റണി, എം.മനോജ് കുമാര്‍, പ്രീത രമേശ്, തോമസ് മാത്യു, കെ.ജയലാല്‍, ലിസിമോള്‍ ജോസഫ്,ആര്‍ഡിഒ ഹരികുമാര്‍ , തഹസില്‍ദാര്‍ ശ്രീകുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.