കോന്നി : കോവിഡ് പോസിറ്റീവായി മരിച്ച യുവാവിൻ്റെ മൃതദ്ദേഹം നാട് ഒറ്റക്കെട്ടായി നിന്ന് സംസ്കരിച്ചു. മലയാലപ്പുഴ കിളളത്ത് ബിജുവിൻ്റെ (48) മൃതദേഹമാണ് ഇടതു-വലതു മുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി നിന്ന് സംസ്കരിച്ചത്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, ബ്ലോക്ക് ജനറൽസെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗം, മലയാലപ്പുഴ ക്ഷേത്രം ഉപദേശക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച മലയാലപ്പുഴ കിള്ളത്ത് കുഞ്ഞി ക്യഷ്ണൻ നായരുടെ മകനാണ് ബിജു കിള്ളത്ത്.
സംസ്കാര ചടങ്ങുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പി പി ഇ കിറ്റ് ധരിച്ച് സി പി ഐ എം കുഴിക്കാട്ടുപടി ബ്രാഞ്ച് സെക്രട്ടറി മിഥുൻ ആർ നായർ (അപ്പുണ്ണി ), ബ്രാഞ്ച് അംഗം മനു മോഹൻ എന്നിവർ നേതൃത്വം നൽകി നടത്തി. ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ബിജു കിള്ളത്ത്.
4 മാസത്തോളമായി കോട്ടയം മെഡിക്കൽ കോളേജിലും കഴിഞ്ഞ 15 ദിവസമായി എറണാകുളം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ബിജുവിന് കോവിഡ് പിടിപെടുന്നത്. തുടർന്ന് രോഗം മൂർഛിക്കുകയും വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെ ബിജു മരണത്തിന് കീഴടങ്ങി. തുടർന്ന് രാത്രി 11.45 ഓടെ വീട്ടിലെത്തിച്ചു. തുടർന്ന് സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി മിഥുൻ ആർ നായർ ബ്രാഞ്ച് അംഗം മനു മോഹൻ എന്നിവരുടെ നേതൃത്വത്തിൽ സംസ്കാരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ പി അനിലാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രശ്മിയാണ് മരിച്ച ബിജുവിൻ്റെ ഭാര്യ.