കോന്നി : സിപിഎം കോന്നി ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡണ്ടുമായ എം അനീഷ് കുമാര്‍, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിബിന്‍ ജോര്‍ജ്ജ്, പ്രമാടം ലോക്കല്‍ കമ്മറ്റി അംഗം എം അഖില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അഭിരാജ് എന്നിവരെ സാമൂഹ്യവിരുദ്ധര്‍ അക്രമിച്ച സംഭവത്തില്‍ സി പിഎം കോന്നി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
പ്രമാടം മേഖലയിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിനാണ് നേതാക്കന്മാരെ ഞായറാഴ്ച രാത്രി മര്‍ദ്ദിച്ചത്. കഴിഞ്ഞ കുറേക്കാലമായി പ്രതികളുടെ നേതൃത്വത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ഇവര്‍ക്ക് സിപിഎമ്മുമായോ മറ്റു പോഷക സംഘടനകളുമായോ നിലവില്‍ യാതൊരു ബന്ധവും ഇല്ല. ഇതു മറച്ചുവെച്ച് പാര്‍ട്ടിക്കുള്ളിലെ പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തണമെന്നും ഏരിയ സെക്രട്ടറി ശ്യാംലാല്‍ അഭ്യര്‍ഥിച്ചു.