കോന്നി : കോൺക്രീറ്റ് തൂൺ മറിഞ്ഞു വീണ് ആൺകുട്ടി മരിക്കുവാൻ ഇടയായ സാഹചര്യത്തിൽ അടച്ചിട്ട കോന്നി ഇക്കോ ടൂറിസം കേന്ദ്രം മെയ് ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാറിന്റെയും ഇക്കോ ടൂറിസം ചുമതലയുള്ള പി സി സി എഫ് ജസ്റ്റിൻ മോഹൻ ഐ എഫ് എസ്എ, കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി ഐ എഫ് എസ് എന്നിവരുടെ നേതൃത്വത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ ആണ് തീരുമാനമായത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആനത്താവളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്. ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇവരിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും റേഞ്ച് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഒന്നാം തീയതി മുതൽ ആനത്താവളം തുറന്ന് പ്രവർത്തിക്കുമ്പോൾ ചില മാറ്റങ്ങളോടെ ആയിരിക്കും തുടക്കം കുറിക്കുന്നത്.
നാല്പതോളം ജോലികാരാണ് നിലവിൽ ഉള്ളത്. ഇവരെ 6 സോണുകളായി തിരിച്ച് ജോലി ചെയ്യിപ്പിക്കും. ഇവരെ നിയന്ത്രിക്കുന്നതിനായി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ അടക്കമുള്ള പുതിയ ഉദ്യോഗസ്ഥരെ നിയമിക്കുവാനും തീരുമാനിച്ചു. 5 സുരക്ഷ ഉദ്യോഗസ്ഥരെയും നിയമിക്കും. കൂടാതെ അഗ്നി രക്ഷാ സേന, ഇലക്ട്രിസിറ്റി. പോലീസ്, ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് വനം വകുപ്പിന് കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്. മരണപെട്ട കുട്ടിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എഫ് ഡി ഐയുടെ ഫണ്ടിൽ നിന്നും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമെന്നും യോഗം അറിയിച്ചു. ജില്ലാ ഫയർ ഓഫീസർ പ്രതാപ് ചന്ദ്രൻ ബി എം, കോന്നി ഡി വൈ എസ് പി രാജപ്പൻ റാവുത്തർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.