കോന്നി : സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന കോന്നി മണ്ഡലത്തില്‍ അഡ്വ. അടൂര്‍ പ്രകാശ് മത്സരിക്കുവാന്‍ സാധ്യത. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ പ്രത്യേക ഇളവ് നല്‍കിക്കൊണ്ട് കോന്നി മണ്ഡലത്തില്‍ മത്സരിക്കണമെന്ന് എ.ഐ.സി.സി ആയിരിക്കും നിര്‍ദ്ദേശിക്കുക.
സംസ്ഥാനത്ത് എന്തുവിലകൊടുത്തും യു.ഡി.എഫ് അധികാരത്തില്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ആഗ്രഹിക്കുന്നത്. ഇത്തവണ കേരളഭരണം കിട്ടിയില്ലെങ്കില്‍ ഇനിയത് ബുദ്ധിമുട്ടാണെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിപ്പിച്ചതുപോലെ കേരളത്തിലും കോണ്‍ഗ്രസിനെ ഒതുക്കുവാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനുവേണ്ടി കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയുമായി രഹസ്യധാരണ ആയതായും പറയുന്നു. ബി.ജെ.പിയുടെ 15 സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുവാനാണ് പ്രാഥമിക ധാരണയെന്നും സൂചനയുണ്ട്. പകരം ഇടതുപക്ഷത്തെ ബി.ജെ.പിയും സഹായിക്കും. ഫലത്തില്‍ അധികാരത്തിലെത്തേണ്ട യു.ഡി.എഫ് പല സീറ്റിലും പരാജയപ്പെടും. ഇതോടെ കേരളത്തില്‍ കോണ്‍ഗ്രസിനെ ഒതുക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയാല്‍ അതില്‍ മുഖ്യപങ്ക് ബി.ജെ.പിക്കായിരിക്കും. ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴും ബി.ജെ.പിക്ക് ഭരണത്തില്‍ വ്യക്തമായ സ്വാധീനം ഉണ്ടാകും. അടുത്ത അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സി.പി.എമ്മിനെ ഒതുക്കുവാനും കോണ്‍ഗ്രസിനെ ഒതുക്കുന്ന ഇതേ തന്ത്രം തന്നെയാകും ബി.ജെ.പി പുറത്തെടുക്കുക. അടുത്ത ഏതാനും വര്‍ഷം കാത്തിരുന്നാല്‍ കേരള ഭരണത്തില്‍ വ്യക്തമായ സ്വാധീനം നേടിയെടുക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ഇക്കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞുകൊണ്ടാണ് കേരള ഭരണം പിടിച്ചെടുക്കുവാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നീങ്ങുന്നത്. വിജയസാധ്യത മാത്രമാണ് പരിഗണിക്കുകയെന്നും ഹൈക്കമാന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയിക്കുന്നവരുടെ എണ്ണം എങ്ങനെയും കൂട്ടുവാനാണ് ശ്രമം. നിലവിലുള്ള സാഹചര്യത്തില്‍ കോന്നി മണ്ഡലം തിരികെ പിടിക്കുവാന്‍ അടൂര്‍ പ്രകാശിനു മാത്രമേ കഴിയു എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിന് ഉത്തമ ബോധ്യമുണ്ട്. മറ്റ് സ്ഥാനാര്‍ഥികളെ നിര്‍ത്തി ഒരു ഭാഗ്യപരീക്ഷണത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തയ്യാറാകില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്.
എന്നാല്‍ അടൂര്‍ പ്രകാശിന് പ്രത്യേക പരിഗണന നല്‍കിയാല്‍ കെ.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ മത്സരിക്കുവാന്‍ കച്ചമുറുക്കും. ഇത് വീണ്ടും തലവേദനയാകും. കോന്നിയില്‍ റോബിന്‍ പീറ്റര്‍ മികച്ച സ്ഥാനാര്‍ഥിയാണെങ്കിലും വിജയസാധ്യത ഉറപ്പിക്കുവാന്‍ കഴിയില്ല. നിലവില്‍ റോബിന്‍ പീറ്ററെ കൂടാതെ എലിസബത്ത് അബു, എന്‍.ഷൈലാജ് എന്നിവരുടെയും പേരുകള്‍ കോന്നിയില്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അവസാന നിമിഷം കോന്നിയുടെ വികസന നായകന്‍ അടൂര്‍ പ്രകാശിന് നറുക്ക് വീഴാനാണ് സാധ്യതയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രഹസ്യമായി സമ്മതിക്കുന്നു.