കോന്നി : കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ തന്നെ. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളു. അടൂര്‍ പ്രകാശാണ് റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലും ഇതേ നിലപാട് അടൂര്‍ പ്രകാശ് സ്വീകരിച്ചെങ്കിലും അതിനെ വെട്ടിക്കൊണ്ട് ഡി.സി.സി മോഹന്‍ രാജിനെ കോന്നിയില്‍ മത്സരിപ്പിച്ചു. ഏറെ വിവാദമായിരുന്നു ഈ സ്ഥാനാര്‍ഥി നിര്‍ണ്ണയം. അടൂര്‍ പ്രകാശിലൂടെ കോന്നി ഉറച്ച മണ്ഡലം ആയിരുന്നിട്ടും പി.മോഹന്‍രാജ് കോന്നിയില്‍ പരാജയപ്പെട്ടു. അങ്ങനെ ഏറെ നാളിനുശേഷം കോന്നി കെ.യു ജെനീഷ് കുമാറിലൂടെ ചുവന്നു.
ഈ തെരഞ്ഞെടുപ്പിലും അടൂര്‍ പ്രകാശ് തന്റെ ഏറ്റവും വലിയ വിശ്വസ്തനായ റോബിന്‍ പീറ്ററിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടു. കെ.പി.സി.സി സെക്രട്ടറി എന്‍.ഷൈലാജ്, എലിസബത്ത് അബു എന്നിവരുടെ പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും അവസാനം നറുക്കുവീണത് മുന്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് അംഗവുമായ റോബിന്‍ പീറ്ററിനാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നാലുടന്‍ പ്രചരണം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. കോന്നി എങ്ങനെയും തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫ് ലക്‌ഷ്യം. അടൂര്‍ പ്രകാശ് മുഴുവന്‍ സമയവും കോന്നിയില്‍ പ്രചാരണത്തിന് ഉണ്ടാകുമെന്നാണ് സൂചന. ആറ്റിങ്ങല്‍ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിനുവേണ്ടി പ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച റോബിന്‍ പീറ്ററിനെ കയ്യൊഴിയുവാന്‍ അടൂര്‍ പ്രകാശിനും സാധിക്കില്ല.
സിറ്റിംഗ് എം.എല്‍.എ ജെനീഷ് കുമാര്‍ എല്‍.ഡി.എഫ് സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി റോബിന്‍ പീറ്ററും താമര വിരിയിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും കളത്തിലിറങ്ങുന്ന കോന്നിയില്‍ തീപാറുന്ന പോരാട്ടം ഉറപ്പാണ്.