കോന്നി : ആനമ്യൂസിയത്തിലൂടെ ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ കോന്നി ഇടംപിടിച്ചുവെന്ന് സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. കോന്നി എലിഫന്റ് മ്യൂസിയം ഓൺലൈനിൽ ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നിക്ക് ആനത്താവളം എന്നും പ്രിയപ്പെട്ടതാണ്. കോന്നി സുരേന്ദ്രൻ എന്ന ആനയെകുറിച്ച് നിയമസഭയിൽ പലതവണ പ്രതിപാദിച്ചിട്ടുണ്ട്. ആദ്യത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ച കോന്നിയിൽ ആദ്യ കാലഘട്ടത്തിൽ ആനപിടുത്തം നിലനിന്നിരുന്നു. ഇന്ന് കോന്നി ഒട്ടേറെ പുരോഗതി കൈവരിച്ചു. ആനത്താവളം മെച്ചപ്പെട്ടു . സുരേന്ദ്രൻ കുംങ്കിയാനയാണിപ്പോൾ. കോടനാട് നീലകണ്ഠനെ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ആന മ്യൂസിയത്തിന്റെ നിർമ്മാണത്തിന് ടൂറിസം വകുപ്പും സഹായിച്ചു.
കോന്നി അച്ഛൻകോവിൽ റോഡിൽ തകർന്ന് കിടന്നിരുന്ന 37 കിലോമീറ്റർ ദൂരം ടാർ ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു. ജാഗ്രതയോടെയാണ് സംസ്ഥാന സർക്കാർ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ച്ചകൾക്ക് മുൻപാണ് കലഞ്ഞൂരിൽ ജില്ലാ പെർമനന്റ് നഴ്സറി അനുവദിച്ചത്. അടവിയിൽ അടക്കം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളം വർധിപ്പിക്കും. കേരള ലളിത കലാ അക്കാദമിയിലെ ചിത്രകാരൻമാരുടെ ചിത്രങ്ങൾ അടക്കം മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശിഷ്ടാഥിതി ആയിരുന്നു. ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ഐ എഫ് എസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വർമ്മ, ജില്ലാ കളക്ടർ ഡോ നരസിംഹുഗാരി ടി എൽ റെഡി ഐ എ എസ്, പുനലൂർ ഡി എഫ് ഒ റ്റി സി ത്യാഗരാജ് ഐ എഫ് എസ്, കോന്നി ഡി എഫ് ഒ ശ്യാം മോഹൻലാൽ, റാന്നി ഡി എഫ് ഒ പി കെ ജയകുമാർ ശർമ്മ, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി ഐ സംസ്ഥാന കൌൺസിലംഗം പി ആർ ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്തംഗം ജിജി സജി തുടങ്ങിയവർ പങ്കെടുത്തു.