കോന്നി : നവീകരിച്ച കോന്നി ആന മ്യൂസിയത്തിന്റെ ഉത്‌ഘാടനം ഫെബ്രുവരിയിൽ നടക്കും. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ കഴിഞ്ഞ ദിവസം നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഇക്കോ ടൂറിസം ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപ മുടക്കി സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായാണ് മ്യൂസിയം നവീകരിച്ച് ആധുനികവത്കരിക്കുന്നത്.
കോന്നി ആനത്താവളത്തിൽ മ്യൂസിയത്തിനായി കെട്ടിടം നിർമ്മിച്ചിരുന്നു എങ്കിലും ചില ചിത്രങ്ങളും ആന പരിശീലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മാത്രമാണ് മ്യൂസിയത്തിൽ ഉണ്ടായിരുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ ആനത്താവളത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായി ആന മ്യൂസിയം മാറും. പുതുക്കിയ മ്യൂസിയത്തിന്റെ കവാടത്തിലെ ഭിത്തികൾ മ്യൂറൽ പെയിന്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. ഫൈബറിൽ നിർമ്മിച്ചിരിക്കുന്ന ആനയുടെ പൂർണ രൂപം, ഡയോരമ, ഇൻഫർമേഷൻ ക്വീസ് പാനൽ, ഇലക്ട്രിഫിക്കേഷൻ, എൽ ഇ ഡി ടച്ച് സ്ക്രീൻ, പ്രത്യേക നിലയിൽ ക്രമീകരിച്ച ആനയുടെ അസ്ഥികൂടം, പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദം കേൾക്കാനും തിരിച്ചറിയാനും കഴിയുന്ന സംവിധാനം, ആനയുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളുടെ പ്രദർശനം തുടങ്ങി നിരവധി ക്രമീകരണങ്ങളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.