കോന്നി: കോന്നി ആനത്താവളത്തിലെ പിഞ്ചുവിന് ചികിത്സ പിഴവ്മൂലം ശരീരം പൊട്ടിക്കീറി ഗുരുതരാവസ്ഥയിലായി. ഇക്കഴിഞ്ഞ ജനുവരി പത്തൊൻപതാം തീയതി ഇടുപ്പെല്ല് തെറ്റി കിടപ്പിലായ കുട്ടിയാനയെ ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് രണ്ടു ദിവസമായി മണിക്കൂറുകളോളം ഉയർത്തി നിർത്തിയിരിക്കുകയായിരുന്നു. ചെയിൻ ബ്ളോക്ക് ഉപയോഗിച്ച് ഉയർത്തിയപ്പോൾ ഇത് മുറുകി കണങ്കാൽ ഭാഗത്ത് വലിയ തോതിലുള്ള മുറിവ് ഉണ്ടായി. മാംസം വരെ പുറത്തു കാണാവുന്ന അവസ്ഥയിലാണിപ്പോള്‍.
സംഭവം പുറംലോകം അറിയാതെ മുടി വെച്ചിരിക്കുകയാണ് വനം വകുപ്പ്. കോന്നിയിൽ ഇപ്പോൾ ആനയെ പരിചരിക്കുന്ന അസിസ്റ്റന്റ് വെറ്റിനറി ഓഫീസറുടെ നേതൃത്വത്തിലാണ് ചികിത്സാ നടക്കുന്നത്. ഇത്തരത്തിൽ ആനയെ ഉയർത്തിനിര്‍ത്തേണ്ടതായി വന്നാല്‍ ആദ്യം ഫോം ബെഡ് ഉപയോഗിച്ച് പൊതിഞ്ഞ ശേഷമാകണം യന്ത്രത്തിന്റെ ബെല്‍റ്റുകളോ വടമോ ഉപയോഗിക്കുവാന്‍. എന്നാൽ ഇവിടെ ഇത്തരം രീതി പാലിക്കാതെ ഇരുമ്പ് ചെയിൻ ബ്ളോക്കിൽ ഘനമേറിയ ബെൽറ്റ് ഉപയോഗിച്ചാണ് ഉയർത്തിയത്. ഇതു മൂലമാണ് കുട്ടിയാനയുടെ ശരീരത്തിൽ ആഴത്തിൽ മുറിവ് ഉണ്ടായത്. സംഭവം പുറത്തറിയാതിരിക്കാൻ ആനക്കൂടിന്റെ എല്ലാ ഭാഗവും പടുത ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് പിഞ്ചുവിന് ഇടുപ്പെല്ല് തെറ്റിയതിനെ തുടർന്ന് കൈകാലുകളിൽ വലിയ തോതിൽ നീര് ഉണ്ടായി കിടന്നത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡിസംബർ അവസാനവാരം എക്സറേ എടുക്കുന്നതിനുവേണ്ടി മയക്കുമരുന്നു കുത്തിവച്ചത് അളവിൽ കൂടിയത് വലിയ വിവാദമായിരുന്നു. അതിനു ശേഷം കുട്ടിയാന ദിവസങ്ങളോളം ഒരൊറ്റ കിടപ്പ് കിടന്നു. പിന്നീട് ജനുവരി ആറാം തീയതി മുതൽ ഒന്നു രണ്ടു ദിവസം ആന സ്വയം എഴുന്നേറ്റെങ്കിലും പിന്നീട് വീണ്ടും കിടപ്പിലായതോടെ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ക്രൂരമായ ചികിത്സരീതി സ്വീകരിച്ചതോടെ കുട്ടിയാനയുടെ ശരീരത്ത് ആഴത്തിൽ മുറിവ് ഉണ്ടായിരിക്കുന്നത്. സംഭവം പുറംലോകം അറിഞ്ഞുതുടങ്ങിയതോടെ വെറ്റിനറി ഡോക്ടടറടക്കം തടിതപ്പി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
2016-ൽ അച്ചൻകോവിൽ വനമേഖലയിലെ കടമ്പുപാറയിൽ നിന്നും ലഭിച്ചതാണ് ഈ കുട്ടിയാനയെ. ഇതിന് പിഞ്ചു എന്ന് പേരിട്ടത് വനം വകുപ്പ് മന്ത്രിയായ കെ.രാജുവാണ്. 2017ൽ ഹെർപ്പീസ് വൈറസിനെ അതിജീവിച്ച പിഞ്ചുവിന്റെ ഇപ്പോഴത്തെ ദയനീയ സ്ഥിതിയിൽ കോന്നീക്കാർ ഒന്നടങ്കം വലിയ വിഷമത്തിലാണ്. ചികിത്സാ പിഴവിനെതിരേ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകും.
© All rights reserved@Prakash Inchathanam