കോന്നി : തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുന്ന കോന്നി ഫിഷ് എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികള്‍ ഉപയോഗപ്പെടുത്തി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി കക്കി ഡാമിന്റെ ജലസംഭരണിയിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 100 പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള യോഗം സീതത്തോട് പഞ്ചായത്ത് ഹാളില്‍ നടന്നു.
ഡാമിന്റെ ജലസംഭരണിയില്‍ സ്ഥാപിക്കുന്ന കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണ് മത്സ്യ ഉത്പാദനം നടത്തുക. കക്കി ജലസംഭരണിയില്‍ 100 കൂടുകളാണ് സ്ഥാപിക്കുക. ആറു മീറ്റര്‍ വീതം നീളവും വീതിയുമുള്ള കൂടിന് നാലു മീറ്റര്‍ താഴ്ച ഉണ്ടാകും. കൂട് ജലസംഭരണിയില്‍ നിക്ഷേപിച്ചാല്‍ ജലോപരിതലത്തില്‍ തന്നെ നില്‍ക്കുന്ന നിലയിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടില്‍ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. ഒരു വര്‍ഷത്തില്‍ രണ്ടു തവണ കൃഷി നടത്തി വിളവെടുപ്പു നടത്തും. തദ്ദേശീയ മത്സ്യങ്ങളെയാകും കൃഷി ചെയ്യുക.
പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന 100 ഗുണഭോക്താക്കളെ സീതത്തോട് ഗ്രാമപഞ്ചായത്തും വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തും. പദ്ധതി നടപ്പാക്കുന്നതിന്റെ പൂര്‍ണ ചെലവ് ഫിഷറീസ് വകുപ്പ് വഹിക്കും. കൃഷിയില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍ പരിപാലനത്തില്‍ ഏര്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 400 രൂപ വീതം വേതനവും ലഭിക്കും. മത്സ്യകൃഷിയിലൂടെയുള്ള ലാഭവും ഗുണഭോക്താക്കള്‍ക്കായിരിക്കും ലഭിക്കുക.
ഡാമിലെ കൃഷിയിലൂടെ ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് വിപണനം നടത്തും. ഇതിനായി മത്സ്യഫെഡ് സീതത്തോട്, കോന്നി, കലഞ്ഞൂര്‍ എന്നിവിടങ്ങളില്‍ കോന്നി ഫിഷ് വില്‍പന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡാമുകളില്‍ ഇപ്പോള്‍ നടക്കുന്ന മത്സ്യ ബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യവും കോന്നി ഫിഷ് സ്റ്റാളുകളില്‍ ലഭിക്കും. ആദ്യ ഘട്ടമായി കക്കി ഡാമില്‍ നടത്തുന്ന മത്സ്യകൃഷി തുടര്‍ന്ന് മണ്ഡലത്തിലെ ഇതര ഡാമുകളിലും വ്യാപിപ്പിക്കും.
പദ്ധതി നടത്തിപ്പിനായി എംഎല്‍എ ചെയര്‍മാനായി ഫിഷറീസ്, പഞ്ചായത്ത്, വനം, കെ.എസ്.ഇ.ബി, ഡാം സേഫ്റ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മോണിട്ടറിംഗ് സമിതിയും രൂപീകരിച്ചു. ജലസംഭരണിയില്‍ കൂടുകള്‍ സ്ഥാപിക്കാനുള്ള ഭാഗങ്ങള്‍ കണ്ടെത്തുന്നതിന് ഫിഷറീസ്, ഡാം സേഫ്റ്റി, വനം വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തും. ആദ്യഘട്ട കൃഷിയില്‍ തന്നെ 125 ടണ്‍ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഡാം റിസര്‍വോയറുകളില്‍ കേജ് ഫാമിംഗിംഗിന് അനന്തസാധ്യതകളാണുള്ളതെന്നും കോന്നി ഫിഷ് എന്ന ബ്രാന്‍ഡിംഗില്‍ നമ്മുടെ തനത് മത്സ്യം ആദ്യം നിയോജക മണ്ഡലത്തിലും പിന്നീട് ജില്ല മുഴുവനും എത്തിച്ചു വില്‍പന നടത്തുമെന്നും ഇതിലൂടെ മണ്ഡലത്തിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കുമെന്നും എംഎല്‍എ പറഞ്ഞു.
എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോബി.ടി. ഈശോ, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, അഡാക്ക് അഡീഷണല്‍ ഡയറക്ടര്‍ ദിനേശ് ചെറുവാട്ട്, ജോ. ഡയറക്ടര്‍ എസ്.മഹേഷ്, ഫിഷറീസ് അസി.ഡയറക്ടര്‍ പി.ശ്രീകുമാര്‍, ഫിഷറീസ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ മറിയാമ്മ ജോസഫ്, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. മോന്‍സി, ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.എസ്.സുരേഷ് കുമാര്‍, കെ.എസ്.ഇ.ബി കക്കാട് എക്‌സി.എന്‍ജിനിയര്‍ ഇന്‍ ചാര്‍ജ് എം.ബി.ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീലജ അനില്‍, രാധാ ശശി തുടങ്ങിയവര്‍ പങ്കെടുത്തു.