കോന്നി : കേരളത്തില്‍ പെയ്ത അതിശക്തമായ മഴയില്‍ ഏറ്റവും കൂടുതല്‍ അളവ് രേഖപ്പെടുത്തിയത് കോന്നിയില്‍.97 മില്ലീമീറ്റര്‍ മഴയാണ് കോന്നിയില്‍ രേഖപ്പെടുത്തിയത്. കോന്നിയില്‍ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയിലാണ് മഴയുടെ അളവ് തിരിച്ചറിഞ്ഞത്.
അതിശക്തമായ മഴയില്‍ കോന്നി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുനലൂര്‍ – മൂവാറ്റുപുഴ പാതയില്‍ വകയാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ റോഡിലേക്ക് വെള്ളം കയറി. വലിയ വാഹനങ്ങള്‍ക്കുപോലും കടന്നുപോകുവാന്‍ കഴിയുന്നില്ല. കലഞ്ഞൂരില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
കോന്നി നെടുമണ്‍കാവ് പാലം വെള്ളത്തില്‍ മുങ്ങി. തണ്ണിത്തോട് മേടപ്പാറ തെക്കേവിളയില്‍ റോസമ്മ മത്തായിയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അച്ചന്‍കോവില്‍ തുറ ഭാഗത്ത് ജലനിരപ്പ് ഉയര്‍ന്നു. പതിനഞ്ചോളം തോടുകളിലെ വെള്ളമാണ് അച്ഛന്‍കോവിലാറിലേക്ക് ഒഴുകി എത്തുന്നത്. മഴ തുടര്‍ന്നാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള സാധ്യതയുണ്ട്.
തണ്ണിത്തോട് തൂമ്പാക്കുളത്തും മണ്ണിടിച്ചിലുണ്ടായി. തണ്ണിത്തോട് കല്ലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കുമ്പഴ, അട്ടച്ചാക്കല്‍ , വെട്ടൂര്‍, ചാങ്കൂര്‍മുക്ക്, വകയാര്‍ ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി. ഏനാദിമംഗലം ഇളമണ്ണൂര്‍ ഭാഗങ്ങളിലും ശക്തമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലും ശക്തമായ മഴയാണ്. വിവിധ സ്ഥലങ്ങളില്‍ കൃഷി നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. റോഡുകളില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞ് വീണു. മിക്കയിടത്തും ഗതാഗതം തടസ്സപ്പെട്ടു.