കോന്നി : കാർഷിക മേഖലക്ക് പ്രധാനമായും ഊന്നൽ നൽകുന്നതാണ് കോന്നി ഗ്രാമ പഞ്ചായത്തിന്റെ നാലാമത് ബഡ്ജെറ്റ്. കോന്നി ഗ്രാമ പഞ്ചായത്ത് 2024 -25 വാർഷിക ബഡ്ജറ്റിൽ മൊത്തം ഇരുപത്തിഒന്ന് കോടി എൺപത്തിയെട്ട് ലക്ഷത്തി എണ്‍പത്തിയേഴായിരത്തി അറുനൂറ് രൂപ വരവും ഇരുപത്തിയൊന്ന് കോടി നാല്പത്തിയെട്ട് ലക്ഷത്തി അറുപത്തിയയ്യായിരം രൂപ ചിലവും നാല്പത് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുനൂറ് രൂപ നീക്കിയിരിപ്പും വരുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. വാർഷിക ബഡ്ജറ്റിൽ കോന്നി പഞ്ചായത്തിൽ നിലവിൽ ഭക്ഷ്യ വിളകൾക്ക് ഒപ്പം തന്നെ മൽസ്യ കൃഷി, തേനീച്ച കൃഷി, കുറ്റി കുരുമുളക്, വാഴ കൃഷി, കൂൺ കൃഷി, കമുക് കൃഷി, ഇടവിള കൃഷി, പുഷ്പകൃഷി എന്നിവക്കായി കാർഷിക മേഖല ബജറ്റിൽ ഗുണഭോക്‌തൃ വിഹിതം ഉൾപ്പെടെ അറുപത്തിരണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കോന്നിയിൽ നെൽകൃഷിയുടെ അളവിൽ കുറവ് സംഭവിച്ചതിനാൽ നാല് ലക്ഷം രൂപ വകയിരുത്തി. കൃഷിയോടൊപ്പം തന്നെ മൃഗ സംരക്ഷണ മേഖലക്കും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. അൻപത്തിയേഴ് ലക്ഷത്തി പതിനായിരം രൂപയാണ് മൃഗസംരക്ഷണ മേഖലക്കായി വകയിരുത്തിയിരിക്കുന്നത്. ദുരന്തനിവാരണ മേഖലയിൽ വേത്ര സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഒരു ലക്ഷം രൂപയും കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതിക്ക് അൻപതിനായിരം രൂപയും ബഡ്ജറ്റിൽ വകയിരുത്തി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസന പദ്ധതികൾക്ക് നാല് കോടിയോളം രൂപയും ജി ഐ എസ് മാപ്പിംഗിന് പതിനെട്ട് ലക്ഷം രൂപയും വകയിരുത്തി.
എന്നാൽ കോന്നി ശബരിമല ഇടത്താവളം സംബന്ധിച്ച് തുക വകയിരുത്താത്തത്തിലും പേരൂർകുളം സ്‌കൂളിനെക്കുറിച്ച് ബഡ്ജറ്റിൽ പരാമർശിക്കപ്പെടാത്തതും പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കി. കോന്നിയിൽ പി എച്ച് സി നിർമ്മിക്കുന്നതിന് ഭൂമി സൗജന്യമായി വിട്ടുനൽകാമെന്ന് ഒന്നാം വാർഡ് അംഗം പി എസ് സോമൻപിള്ള യോഗത്തെ അറിയിച്ചു. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.